കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷനറി ഗാർഡ് തലവനും ആണവ ശാസ്ത്രജ്ഞരും; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ
text_fieldsതെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) ചീഫ് കമാൻഡറും മുതിർന്ന സൈനികരും കൊല്ലപ്പെട്ടു.
ഐ.ആർ.ജി.സിയുടെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഇസ്രായേൽ ഇറാന്‍റെ സൈനിക, ആണവ കേന്ദ്രങ്ങലെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് സലാമി കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇസ്രായേലും സലാമിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, മുതിർന്ന ആണവ ശാസ്ത്രഞ്ജനും ഇസ്ലാമിക് ആസാദി യൂനിവേഴ്സിറ്റി പ്രസിഡന്‍റുമായ മുഹമ്മദ് മെഹ്ദി, ആണവ ശാസ്ത്രഞ്ജനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫെറെയ്ദൂൻ അബ്ബാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്‍റെ ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധസമാന ഭീതിയിലാക്കി. ഇസ്രായേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാൻ-യു.എസ് ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേൽ ആക്രമണം. തലസ്ഥാന നഗരമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാന്‍റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ച പുലർച്ചെ ആക്രമണം. ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. തെഹ്റാനിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കുട്ടികൾ ഉൾപ്പെടെ മരിച്ചതായും ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.
തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളിൽ കെട്ടിടങ്ങൾ ഭാഗികമായി തകർന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.
നേരത്തെ തന്നെ, ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ തീരുമാനിച്ചേക്കുമെന്ന് നേരത്തെ യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാൻ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽ അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രായേലിന്‍റെ സൈനിക നടപടിയെ അമേരിക്ക പിന്തുണക്കുന്നില്ല. ഇസ്രായേലിന്‍റേത് ഏകപക്ഷീയമായ നടപടിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

