Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ചരിത്രത്തിൽ നിന്ന്...

'ചരിത്രത്തിൽ നിന്ന് മായ്‌ച്ചുകളയാനാകില്ല, ഇറാൻ നീതി നടപ്പാക്കും'; ഖാംനഈയിയുടെ കൊലപാതകത്തിൽ പ്രതികാരം ചോദിക്കുമെന്ന് ഐ.ആർ.ജി.സി

text_fields
bookmark_border
IRGC Brigadier General Ahmad Vahidi
cancel
camera_alt

ഐ.ആർ.ജി.സി ബ്രിഗേഡിയർ ജനറൽ അഹ്മദ് വാഹിദി

തെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയിയുടെ മരണത്തിൽ അമേരിക്കയോടും ഇസ്രായേലിനോടും പ്രതികാരം ചെയ്യുമെന്ന് ആഹ്വാനം ചെയ്ത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ഐ.ആർ.ജി.സി മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹിദിയാണ് പ്രഖ്യാപനം നടത്തിയത്. ഖാംനഈയുടെ ഖബറടക്കം പൂർത്തിയായതിന് പിന്നാലെയാണ് അമേരിക്കക്കും ഇസ്രായേലിനും ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകിയത്.

2026 ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സേന സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ആക്രമത്തിൽ മകളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ ഭാര്യ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. തുടർന്ന് 131 ദിവസങ്ങൾക്ക് ശേഷമാണ് ഖാംനഈയിയുടെ മൃതദേഹം ഖബറടക്കിയത്. 'ഖാംനഈയിയുടെ കൊലപാതകത്തിൽ ഇറാൻ നീതി നടപ്പിലാക്കും. കുറ്റവാളികളായ അമേരിക്കൻ സൈന്യത്തിന് ശക്തമായ മറുപടി നൽകും. ഇറാന്റെ തിരിച്ചടി ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ സാധിക്കില്ല' അഹമ്മദ് വഹിദി വ്യക്തമാക്കി. ഖാംനഈയിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖാംനഈയിയെ പുതിയ പരമോന്നത നേതാവായി നിയമിച്ചിരുന്നു. എന്നാൽ, സംസ്കാര ചടങ്ങുകളിൽ മുജ്തബ പങ്കെടുക്കാത്തത് വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്

അതേസമയം, ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാം തവണയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്നും, യെമൻ മുതൽ ഇറാൻ വരെ ഏത് സ്ഥലത്തും ആക്രമണം നടത്താൻ തങ്ങളുടെ വ്യോമസേനക്ക് കഴിയുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പറഞ്ഞു.

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ അടുത്തിടെ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ ഇന്റലിജൻസ് യു.എസിന് മുന്നറിയിപ്പ് നൽകിയതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഖബറടക്കത്തിന് മുമ്പുള്ള ആഴ്ചകളിലാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ട്രംപിനെ വധിക്കാനുള്ള സാധ്യത പദ്ധതികളെക്കുറിച്ച് സമീപ ആഴ്ചകളിൽ യു.എസിന് സ്ഥിരമായി ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇസ്രായേലിൽ നിന്നുള്ള മുന്നറിയിപ്പ് പുതിയതാണെന്നും പ്രത്യേക ഗൂഢാലോചന ആശങ്കപ്പെടുത്തുന്നതാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സേന സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിലാപയാത്ര ജൂലൈ 4 മുതൽ 9 വരെ തെഹ്‌റാൻ, ഖും, ഇറാഖിലെ നജഫ്, കർബല, മശ്‌ഹദ് എന്നിവിടങ്ങളിലായി നടത്തിയിരുന്നു. തുടർന്ന് വ്യാഴാഴ്ച മശ്‌ഹദിലെ ഇമാം റെസ പള്ളിയിൽ ഔദ്യോഗിക കർമ്മങ്ങൾ പൂർത്തിയാക്കി ഖബറടക്കി. സംസ്കാര ചടങ്ങിൽ ഹമാസ്, ഗസ്സയിലെ ഇസ്‌ലാമിക് ജിഹാദ്, ലെബനാനിലെ ഹിസ്ബുല്ല, യമനിൽ നിന്നും ഹൂതി വിഭാഗം തുടങ്ങിയ സഖ്യകക്ഷി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin NetanyahuRevengeAyatollah Ali KhameneiAssasinationDonald TrumpIRGC
News Summary - IRGC Warns revenge for Khamenei's assassination
Next Story