മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളോട് ശത്രുതയില്ല, അമേരിക്കൻ സൈനിക താവളങ്ങൾ ഒഴിപ്പിക്കണം; നിലപാട് വ്യക്തമാക്കി ഇറാൻ റെവല്യൂഷനറി ഗാർഡ്
text_fieldsഇറാൻ റെവല്യൂഷനറി ഗാർഡ്
തെഹ്റാൻ: ജോർഡനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നീക്കം ചെയ്യണമെന്ന് ഇറാനിലെ പ്രധാന സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ജോർഡനിലെ അസ്റഖ് വ്യോമതാവളത്തിൽ തങ്ങൾ വീണ്ടും ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഐ.ആർ.ജി.സി അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളോട് തങ്ങൾക്ക് ശത്രുതയില്ലെന്നും മറിച്ച് സ്നേഹമാണെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി. എന്നാൽ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക ഈ താവളം ഉപയോഗിക്കുന്നതിനാലാണ് ഇവിടങ്ങളിലെ കേന്ദ്രത്തിലേക്ക് തങ്ങൾ പ്രത്യാക്രമണം നടത്തുന്നതെന്നും ഐ.ആർ.ജി.സി വിശദീകരിച്ചു. മിനാബ് സ്കൂളിലെ ആക്രമണത്തിൽ 186 കുട്ടികൾ കൊല്ലപ്പെട്ട സംഭവം പരാമർശിച്ചുകൊണ്ടാണ് മിഡിൽ ഈസ്റ്റിലെ വ്യോമതാവളങ്ങൾ അമേരിക്ക ദുരുപയോഗം ചെയ്യുകയാണെന്ന് ഐ.ആർ.ജി.സി പ്രസ്താവനയിറക്കിയത്.
ജോർഡനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ഫലസ്തീൻ ജനത നേരിടുന്ന ദുരിതങ്ങളും അനീതിയും ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നവരാണ് ജോർഡനിലെ ജനങ്ങളെന്ന് ഐ.ആർ.ജി.സി പറഞ്ഞു. അതുകൊണ്ട് അമേരിക്കൻ സൈനിക താവളങ്ങൾ ജോർഡൻ വിട്ട് പോകാൻ ജനങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും, അങ്ങനെ ചെയ്താൽ ഫലസ്തീൻ ജനതയെ രക്ഷിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും വലിയൊരു സംഭാവന നൽകാൻ സാധിക്കുമെന്നും ഐ.ആർ.ജി.സി ആഹ്വാനം ചെയ്തു.
കുവൈത്തിലും സമാനമായ രീതിയിൽ യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാനും അമേരിക്കൻ അധിനിവേശകരുടെ താവളങ്ങളിൽ നിന്ന് ഇസ്ലാമിക ഭൂമിയെ മോചിപ്പിക്കാനും ഐ.ആർ.ജി.സി അഭ്യർഥിച്ചിട്ടുണ്ട്. തങ്ങളുടെ സൈനിക ഓപ്പറേഷന്റെ ആറാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ ആക്രമണത്തിൽ, യു.എസിന്റെ എഫ്-15, എഫ്-16, അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽട്ടറുകളും നിരവധി എം.ക്യു-9 (MQ-9) ഡ്രോണുകളും പൂർണമായും നശിപ്പിച്ചതായി ഐ.ആർ.ജിസി പ്രസ്താവനയിൽ അവകാശപ്പെട്ടു. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ഐ.ആർ.ജി.സി ഏറ്റെടുത്തു.
കൂടാതെ ഇറാനിന് നേരെ ആക്രമണം തുടർന്നാൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള പ്രത്യാക്രമണങ്ങൾ ഇനിയും തുടരുമെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ യു.എസ് സൈനിക സാന്നിധ്യം സുരക്ഷക്ക് ഭീഷണിയാണെന്നും, അതിനാൽ യു.എസ് സേനയെ പൂർണമായും ഒഴിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നുമാണ് ഇറാന്റെ വാദം.
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ജോർഡനിലെയും കുവൈത്തിലെയും സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ തങ്ങളുടെ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും ഐ.ആർ.ജി.സി അവകാശപ്പെട്ടു. അതേസമയം, കിഴക്കൻ ജോർഡനിലെ മുവാഫക് സാൽറ്റി വ്യോമതാവളത്തിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇറാൻ തൊടുത്തുവിട്ട നാല് മിസൈലുകൾ തങ്ങൾ വെടിവെച്ചിട്ടതായി ജോർഡനിയൻ സൈന്യം ഔദ്യോഗിക വാർത്താ ഏജൻസിയായ പെട്ര വഴി അറിയിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ജോർഡൻ അതിർത്തികളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

