ഹുർമുസിൽ സൂപ്പർടാങ്കറിന് തീപിടിച്ചു; അനധികൃതമായി കടക്കാൻ ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതമെന്ന് ഐ.ആർ.ജി.സി
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ കടൽമൈനിൽ തട്ടി സൂപ്പർടാങ്കറിന് തീപിടിച്ചതായി ഐ.ആർ.ജി.സി (ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്). ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പ്രസ് ടിവി ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. രണ്ട് ദശലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലുമായി "അനധികൃത" പാതയിലൂടെ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എണ്ണ സൂപ്പർടാങ്കറിന് തീപിടിച്ചതെന്ന് ഐ.ആർ.ജി.സി അവകാശപ്പെട്ടു. കൂട്ടിയിടിയെ തുടർന്ന് കപ്പലിൽ വൻ സ്ഫോടനവും വലിയ തീപിടുത്തവുമുണ്ടായതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാൽ അമേരിക്കൻ നാവികസേനയുടെ കാര്യക്ഷമമായ ഉപരോധത്തിലൂടെ ഹുർമുസ് കടലിടുക്ക് കടക്കുന്നതിൽ നിന്ന് എല്ലാ ഇറാനിയൻ കപ്പലുകളെയും തടഞ്ഞതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ സൈനിക പിന്തുണയോടെ അനധികൃതമായി കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പൽ, എല്ലാ ട്രാക്കിങ്, റഡാർ സംവിധാനങ്ങളും ഓഫാക്കി വെച്ചിരുന്നതായി ഐ.ആർ.ജി.സി ആരോപിച്ചു. 'ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നു' എന്ന് ഐ.ആർ.ജി.സി നാവികസേന മുന്നറിയിപ്പ് നൽകി. കൂടാതെ, യു.എസ് പിന്തുണയെ ആശ്രയിച്ച് ഇറാനിയൻ നിയമങ്ങൾ ലംഘിക്കുന്ന കപ്പലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരായ സൈനികാക്രമണ പദ്ധതിയിൽ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബായ ‘മദർ ഓഫ് ഓൾ ബോംബ്സ്’ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും ആണവകേന്ദ്രങ്ങൾക്കും നേരെ ഈ ബോംബ് പ്രയോഗിക്കുന്നതിനുള്ള പദ്ധതികൾ അമേരിക്കൻ സൈന്യം തയാറാക്കിയിട്ടുണ്ടെന്നാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ പിക്ആക്സ് പർവതത്തിലെ ആണവകേന്ദ്രവും ലക്ഷ്യപ്പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആയുധശേഖരത്തിലുള്ള ഏറ്റവും വലിയ ആണവേതര ബോംബാണ് ജി.ബി.യു-43/ബി മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ്. ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാനെതിരായ ആക്രമണത്തിൽ ഉപയോഗിക്കുന്ന കാര്യം സൈനിക ആസൂത്രണത്തിൽ ഉൾപ്പെടുത്തിയതായി ഒന്നിലധികം അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യയിൽ നിന്ന് യു.എസ് സെൻട്രൽ കമാൻഡ് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് ഇറാന് നേരെ ആക്രമണം നടത്താനാണ് അമേരിക്കൻ നീക്കം. അമേരിക്കയിലെ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഏത് നിമിഷവും നിലപാടിൽ മാറ്റം വന്നേക്കാമെന്ന് അദ്ദേഹത്തിന്റെ മുതിർന്ന ഉപദേശകർ വ്യക്തമാക്കുന്നു. എന്നാൽ ആക്രമണം നടത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ തീരുമാനമെടുത്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.
ഫെബ്രുവരി 28-ന് ഇസ്രായേലും യു.എസും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചത്. ഇതിനിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇടക്കാല ധാരണയിൽ എത്തിയെങ്കിലും ഇരു വിഭാഗവും പിന്മാറുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണ വ്യാപാരത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഹുർമുസ്, ബാബുൽ മന്ദബ് കപ്പൽ പാതകളിലെ ഗതാഗതം പ്രതിസന്ധിയിലായിരിക്കുകയാണ്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

