യാഥാസ്ഥിതിക വിഭാഗം എതിർത്തു; ഇറാൻ വൈസ് പ്രസിഡന്റ് രാജിവെച്ചു
text_fieldsതെഹ്റാൻ: യാഥാസ്ഥിതിക വിഭാഗത്തിന്റെ രാഷ്ട്രീയ സമ്മർദം ശക്തമായതിനെ തുടർന്ന് ഇറാൻ വൈസ് പ്രസിഡന്റ് രാജിവെച്ചു.
ആണവകരാർ യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫാണ് രാജിവെച്ചത്. പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ നിർദേശ പ്രകാരമാണ് രാജിയെന്നാണ് സൂചന. അതേസമയം, രാജിക്കത്ത് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.
റിയാലിന്റെ മൂല്യം കൂപ്പുകുത്തുകയും പണപ്പെരുപ്പം രൂക്ഷമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ധനമന്ത്രി അബ്ദുൽ നാസർ ഹമ്മതിയെ പാർലമെന്റ് പുറത്താക്കിയിരുന്നു.
യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയാണ് പരിഷ്കരണവാദിയായ സരീഫിന്റെ രാജിയോടെ ഇല്ലാതാകുന്നത്. സരീഫിന്റെ നേതൃത്വത്തിൽ യു.എൻ ആണവ കരാറിൽ ഒപ്പിട്ടതിനെ തുടർന്ന് ഇറാനെതിരായ ഉപരോധങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ പിൻവലിച്ചിരുന്നു. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളുടെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ അധികാരം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സ്വന്തം മക്കളുടെ യു.എസ് പൗരത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചിരുന്നെങ്കിലും സ്വീകരിച്ചിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധമുള്ളവർ ഉന്നത പദവി വഹിക്കരുതെന്ന 2022ലെ നിയമത്തിന്റെ ലംഘനമാണ് സരീഫിന്റെ നിയമനമെന്നായിരുന്നു വിമർശകരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

