ട്രംപിന് ഇറാന്റെ ചുട്ട മറുപടി: ‘വെല്ലുവിളിച്ചാൽ ഹൂർമുസിലെ മരണച്ചുഴിയിൽ കുടുക്കും’
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇറാൻ. സമുദ്ര ഇടനാഴിയിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തേയും അതിശക്തമായി നേരിടുമെന്ന് ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് പറഞ്ഞു.
തങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന ഏത് ശത്രുവിനെയും ഹൂർമുസ് കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ കുടുക്കുമെന്നാണ് റെവല്യൂഷണറി ഗാർഡ്‌സിന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഭീഷണിയെ പുച്ഛിച്ചു തള്ളിയ ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്, കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്നും തങ്ങളുടെ സമുദ്ര അതിർത്തി ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും എക്സിലൂടെ പറഞ്ഞു. അതേസമയം, ഹൂർമുസ് കടലിടുക്കിൽ ഇറാൻ നിക്ഷേപിച്ച മൈനുകൾ നീക്കം ചെയ്യാൻ അമേരിക്കൻ നാവികസേന ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഹുർമൂസ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഭീഷണി മുഴക്കിയത്.ഹുർമുസ് തടയാൻ നാവിക സേനക്ക നിർദേശം നൽകിയിട്ടുണ്ടെന്നും ഇവിടേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘‘തങ്ങളെ വെടിവക്കുകയോ സമാധാനപരമായി പോകുന്ന കപ്പലുകളെ വെടിവെക്കുകയോ ചെയ്താൽ അവരെ നരകത്തിലേക്ക് അയക്കും. ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാൻ യു.എസ് തയാറാണ്’ - ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി.
പാകിസ്താനിൽ നടന്ന ചർച്ചകളിൽ ചില തീരുമാനം ഉണ്ടായെങ്കിലും ആണവോർജ പദ്ധതികളിൽ നിന്ന് മാറാൻ ഇറാൻ തയാറായില്ലെന്നും ട്രംപ് പറഞ്ഞു.
ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇസ്‍ലാമാബാദിലെ ഇറാന്‍-യു.എസ് വെടിനിർത്തൽ ചര്‍ച്ച ഞായറാഴ്ച അലസി പിരിയുകയായിരുന്നു. ഇറാനുമായുള്ള ചർച്ചയിൽ ധാരണയിൽ എത്താത്തതിനെ തുടർന്ന് മടങ്ങുകയാണെന്നാണ് യു.എസ് സംഘത്തെ നയിച്ച യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് വ്യക്തമാക്കിയത്.
എന്നാൽ, അനാവശ്യ ഉപാധികളാണ് യു.എസ് മുന്നോട്ടുവെച്ചത് എന്നതാണ് ഇറാൻ വാദം. ഇതോടെ വെടിനിർത്തൽ ചർച്ച വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി. യു.എസുയുമായി ചർച്ച പുനഃരാരംഭിക്കാൻ തിടുക്കം കാട്ടുന്നില്ലെന്നും പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നുമാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

