ഇറാന്റെ മുന്നിലുള്ളത് ഹോർമുസ് കടലിടുക്ക് അടക്കുന്നതടക്കമുള്ള പ്രതിരോധ നീക്കങ്ങളെന്ന്
text_fieldsതെഹ്റാൻ: ആഗോള എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും ദിനംപ്രതി കടന്നുപോവുന്ന ഹോർമുസ് കടലിടുക്ക് അടക്കുക എന്നത് ശത്രുക്കൾക്കെതിരെ പ്രതികരിക്കാൻ ഇറാൻ സ്വീകരിക്കുന്ന മാർഗങ്ങളിൽ ഒന്നായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ കമ്മിറ്റി അംഗം ബെഹ്നാം സയീദി. മെഹർ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാശ്ചാത്യ സമ്മർദ്ദത്തിനുള്ള പ്രതിരോധമെന്ന നിലയിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇതെത്തുടർന്ന് വാണിജ്യ കപ്പലുകൾ കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ ജലപാത ഒഴിവാക്കുന്നതായി കപ്പൽ ഗതാഗത സ്രോതസ്സുകൾ പറഞ്ഞു.
അതിനിടെ, ആക്രമണം ഒരാഴ്ചയോളമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരെ കൂടുതൽ പ്രത്യാക്രമണങ്ങൾ നടത്തുമെന്ന് ഇറാനിയൻ സായുധ സേനാ മേധാവി മേജർ ജനറൽ അബ്ദുൾറഹീം മൂസവി മുന്നറിയിപ്പു നൽകി. ‘ദൈവത്തിന്റെ സഹായത്തോടെ അധിനിവേശ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഏതൊരു ലക്ഷ്യത്തെയും നിരന്തരം ആക്രമിക്കുമെന്നും തങ്ങൾക്കു മുന്നിൽ ഒരു പരിമിതിയും കാണുന്നില്ലെന്നും’ ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ താവളത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് മൂസവി ഈ പരാമർശം നടത്തിയത്. സേനയുടെ ഉയർന്ന മനോവീര്യത്തെയും പൂർണ തയ്യാറെടുപ്പിനെയും അദ്ദേഹം പ്രശംസിച്ചു. ഇസ്രായേൽ ആക്രമണത്തിനു മറുപടിയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രയേൽ ലക്ഷ്യങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ഐ.ആർ.ജി.സിയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സിനെയും അദ്ദേഹം പ്രശംസിച്ചു. ബുധനാഴ്ച രാത്രി ഇസ്രായേലിലെ ലക്ഷ്യങ്ങളിൽ സായുധ സേന പുതിയ തരം ശക്തിയേറിയ മിസൈലുകൾ വിക്ഷേപിച്ചതായി ഐ.ആർ.ജി.സി പ്രസ്താവനയിൽ പറഞ്ഞു.
ജൂൺ 13ന് രാത്രിയിൽ യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്. അതിൽ തെഹ്‌റാനിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളും ഉൾപ്പെടുന്നു. ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർക്കു പുറമെ സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടു.
അതേസമയം, ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ബൾഗേറിയ തെഹ്‌റാനിലെ എംബസി അടച്ചുപൂട്ടിയതായും നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും രാജ്യത്തിനു പുറത്തേക്കു മാറ്റിയതായും ബൾഗേറിയൻ പ്രധാനമന്ത്രി റോസൻ ഷെല്യാസ്‌കോവ് പറഞ്ഞു. ബൾഗേറിയൻ നയതന്ത്ര ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും അയൽരാജ്യമായ അസർബൈജാനിലേക്ക് കാറിൽ ഒഴിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

