‘വംശഹത്യയെ പിന്തുണക്കുന്നതിനൊപ്പം സമാധാന സന്ദേശവും നൽകുന്നു’; ട്രംപിനെതിരെ ഇറാൻ നേതാക്കൾ
text_fieldsതെഹ്റാൻ: പശ്ചിമേഷ്യൻ സന്ദർശനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിലും നിലപാടിലും എതിർപ്പുമായി ഇറാൻ നേതാക്കൾ രംഗത്ത്. ഇറാൻ നേതൃത്വം ‘അഴിമതി നിറഞ്ഞതും ഫലപ്രദമല്ലാത്തതും’ ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ആരോപിച്ചിരുന്നു.
ശനിയാഴ്ച തലസ്ഥാനത്ത് നടന്ന ഒരു ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ട്രംപിന്റെ ചില പരാമർശങ്ങൾക്ക് മറുപടി നൽകാൻ പോലും അർഹതയില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ പറഞ്ഞു. ആ പരാമർശങ്ങളുടെ നിലവാരം വളരെ താഴ്ന്നതാണ്. പറഞ്ഞയാൾക്കു തന്നെ അവ അപമാനമാണെന്നും അമേരിക്കക്ക് അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾക്കു പിന്നാലെ ജനക്കൂട്ടത്തിൽ നിന്ന് ‘അമേരിക്കക്ക് നാശം’ എന്ന മുദ്രാവാക്യം മുഴങ്ങി.
ഫലസ്തീനികളെയുൾപ്പെടെ മേഖലയിലുടനീളമുള്ളവരെ കൂട്ടക്കൊല ചെയ്യുന്നതിനെ പിന്തുണച്ച അതേ ട്രംപ് സമാധാനത്തിനായി അധികാരം ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കള്ളം പറയുകയായിരുന്നുവെന്ന് ഖാംനഈ കൂട്ടിച്ചേർത്തു. ഇസ്രായേലിനെ വേരോടെ പിഴുതെറിയേണ്ട ഒരു അപകടകരമായ കാൻസർ ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഗസ്സ മുനമ്പിൽ ഇസ്രായേലിന്റെ വംശഹത്യയെ പിന്തുണക്കുന്നതിനൊപ്പം ട്രംപ് സമാധാന സന്ദേശവും നൽകുന്നുവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷ്കിയാൻ നാവിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. ‘ഈ പ്രസിഡന്റിന്റെ ഏത് വാക്കുകളാണ് നമ്മൾ വിശ്വസിക്കേണ്ടത്? അദ്ദേഹത്തിന്റെ സമാധാന സന്ദേശമോ, അതോ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്ന സന്ദേശമോ?’ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ട്രംപ് അംഗീകരിച്ചത് ചൂണ്ടിക്കാട്ടി ഇറാൻ പ്രസിഡന്റ് ചോദിച്ചു.
1979ലെ വിപ്ലവത്തിൽ ഒരു രാജവാഴ്ചയെ മാറ്റിസ്ഥാപിച്ചതിനുശേഷം ഇറാന്റെ നാഴികക്കല്ലുകൾ തകർന്നുകൊണ്ടിരിക്കുകയാണ് എന്നും ട്രംപ് പറഞ്ഞിരുന്നു. അഴിമതിയുടെയും ദുഷ്‌കൃത്യങ്ങളുടെയും ഫലമായി ഇറാന്റെ നേതാക്കൾ ‘പച്ച കൃഷിഭൂമിയെ വരണ്ട മരുഭൂമികളാക്കി മാറ്റി’ എന്നും ഇറാനികൾ ദിവസത്തിൽ നിരവധി മണിക്കൂർ വൈദ്യുതി മുടക്കം അനുഭവിക്കുന്നുണ്ടെന്നും ട്രംപ് പറയുകയുണ്ടായി.
സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷറയെ പ്രശംസിക്കുകയും ഡമാസ്കസിനെതിരായ ഉപരോധങ്ങൾ നീക്കുകയും ചെയ്ത ട്രംപ്, മേഖലയിലെ ഇറാന്റെ നയത്തെയും ലക്ഷ്യം വെച്ചു. മുൻ പ്രസിഡന്റ് ബശാർ അൽ അസദിന് ഇറാൻ നൽകുന്ന പിന്തുണ ദുരിതത്തിനും മരണത്തിനും പ്രാദേശിക അസ്ഥിരതക്കും കാരണമായതായും ട്രംപ് വിശേഷിപ്പിച്ചു.
യു.എസ് പ്രസിഡന്റിന്റെ പരാമർശങ്ങളെ ‘വഞ്ചനാപരം’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

