ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു
text_fieldsതെഹ്റാൻ: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും അചഞ്ചലനായ സാമ്രാജ്യത്വ വിരുദ്ധ നായകനും ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖാംനഈയെ യു.എസ്-ഇസ്രായേൽ സഖ്യം വധിച്ചു. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കത്തിലാണ് ശനിയാഴ്ച പുലർച്ചെ ഖാംനഈ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഓഫിസിൽ നടന്ന ആക്രമണത്തിൽ ദേശീയ പ്രതിരോധ കൗൺസിൽ മേധാവി അലി ശംഖാനി, ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദ, ഐ.ആർ.ജി.സി തലവൻ മുഹമ്മദ് പാക്പൂർ എന്നിവരും ഖാംനഈയുടെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരുമടക്കം 40 പേർ കൊല്ലപ്പെട്ടതായി ഞായറാഴ്ച ഇറാൻ സ്ഥിരീകരിച്ചു.
ഖാംനഈയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖാംനഈയുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ തയാറായിട്ടില്ല.
1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന ഖാംനൗ 1989ലാണ് പരമോന്നത നേതാവാകുന്നത്. ഇറാന്റെ സൈനിക, അർധ സൈനിക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ ഖാംനഈ മുഖ്യപങ്കുവഹിച്ചു. ഇറാഖുമായുള്ള യുദ്ധം നടക്കുമ്പോൾ ഖാംനഈയായിരുന്നു ഇറാന്റെ പ്രസിഡന്റ്. യു.എസ് പിന്തുണയോടെയാണ് അന്ന് ഇറാഖ് യുദ്ധം ചെയ്തത്. പിൽക്കാലത്ത് കടുത്ത അമേരിക്കൻ-പാശ്ചാത്യൻ വിരുദ്ധത ഖാംനഈയിൽ അടിയുറച്ച ഒരു വിശ്വാസമായി രൂപപ്പെടാൻ ഈ യുദ്ധം കാരണമായിരുന്നു.
ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ മാത്രമല്ല യു.എസിന്റെ കൂടി വിജയമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ജനതക്ക് സ്വന്തം രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള അവസരമാണിത്. ഇറാന്റെ ഐ.ആർ.ജി, മിലിറ്ററി, പൊലീസ് ഉൾപ്പടെയുള്ള മറ്റ് സുരക്ഷാസേനകൾ എന്നിവക്കെല്ലാം പോരാടാനുള്ള താൽപര്യം നഷ്ടപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. അവർ ഇറാനെ വീണ്ടെടുക്കാനുള്ള ദേശസ്നേഹികളുടെ ദൗത്യത്തിനൊപ്പം അവരും ചേരണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.
ഇറാനിലുടനീളം ഇസ്രായേലും അമേരിക്കയും വ്യാപക ബോംബിങ് തുടരുകയാണ്. മറുപടിയായി ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. പാകിസ്താനിലെ യു.എസ് കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൈപ്രസിലെ ബ്രിട്ടീഷ് താവളത്തിനുനേരെയും ആക്രമണമുണ്ടായി.
കൊല്ലപ്പെട്ട അലി ഖാംനഈ വിടവാങ്ങിയ ഒഴിവിൽ താൽക്കാലിക ചുമതലകൾ വഹിക്കാൻ ആയത്തുല്ല അലി രിസ അഅ്റാഫിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് ചുമതല നൽകിയിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയൻ, ചീഫ് ജസ്റ്റീസ് ഗുലാം ഹുസൈൻ മുഹ്സിനി എന്നിവരാണ് മറ്റ് അംഗങ്ങൾ.
വിവിധ രാജ്യങ്ങളിൽനിന്ന് എണ്ണ കയറ്റിപ്പോകുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണക്കപ്പൽച്ചാലായ ഹുർമുസ് കടലിടുക്കിൽ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായി. ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിൽനിന്ന് എണ്ണ കയറ്റിപ്പോകുന്ന കപ്പൽച്ചാലിന്റെ ഇരുഭാഗങ്ങളിലായി നൂറുകണക്കിന് കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണ്.
പ്രത്യാക്രമണം ഇറാൻ നിർത്തിയില്ലെങ്കിൽ രാജ്യം ഇതുവരെയും സാക്ഷിയാകാത്ത ശക്തിയോടെ പ്രഹരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താക്കീത് ചെയ്തു. കഴിഞ്ഞ ജൂണിൽ നടന്ന 12 ദിന യുദ്ധത്തെക്കാൾ രൂക്ഷമായ ആക്രമണമാണ് ഇറാനിൽ നടത്തുന്നതെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സാമിറും പറഞ്ഞു. ഇസ്രായേലിൽ നടന്ന ബോംബിങ്ങിൽ ഞായറാഴ്ച എട്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ദക്ഷിണ ഇറാനിലെ മിനാബിൽ സ്കൂൾ ബോംബിട്ടു തകർത്ത സംഭവത്തിൽ മരണസംഖ്യ 150 കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

