ഇറാൻ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ, രണ്ടു ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉന്നത നേതാവ്
text_fieldsതെഹ്റാൻ: ഇറാൻ ഇന്‍റലിജൻസ് മന്ത്രി ഇസ്മാഈൽ ഖത്തീബിനെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. വിഷയത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല.
അവകാശവാദം ശരിയാണെങ്കിൽ രണ്ടു ദിവസത്തിനിടെ ഇറാനിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ സുപ്രധാന നേതാവാണ്. ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയെയും അർധ സൈനിക വിഭാഗമായ ബസീജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും ചൊവ്വാഴ്ച പുലർച്ചെ തെഹ്റാൻ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണത്തിൽ ഐ.ഡി.എഫ് വധിച്ചിരുന്നു. ഇരുവരുടെയും ഖബറടക്കം വൈകീട്ട് തെഹ്റാനിൽ നടക്കും. ഇനിയും ആശ്ചര്യകരമായ വാർത്തകൾ പ്രതീക്ഷിക്കാം. ഇറാനിലെ ഉന്നത ഉഗ്യോഗസ്ഥരെ വധിക്കുന്നതിന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്നും കാറ്റ്സ് വ്യക്തമാക്കി.
ഇസ്രായേൽ സൈന്യത്തിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് തുർക്കിയ രംഗത്തെത്തി. തെഹ്റാനിലെ മുതിർന്ന നേതാക്കളെ ലക്ഷ്യമിടുന്നത് നിയമവിരുദ്ധവും രാഷ്ട്രതന്ത്രജ്ഞരെയും രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നടപടി യുദ്ധനിയമങ്ങളുടെ ലംഘനമാണെന്നും തുർക്കിയ വിദേശകാര്യ മന്ത്രി ഹക്കൻ ഫിദൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖ ഷിയ പണ്ഡിതനായ ഇസ്മാഈൽ ഖത്തീബ് ജുഡീഷ്യറിയിലും ഇന്റലിജൻസ് മന്ത്രാലയത്തിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 1980കളിൽ ഇറാൻ-ഇറാഖ് യുദ്ധത്തിൽ റവലുഷനറി ഗാർഡിൽ സേവനമനുഷ്ഠിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
2022ൽ യു.എസ് ട്രഷറി ഖത്തീബിനെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കക്കും സഖ്യകക്ഷികൾക്കും എതിരെ സൈബർ ആക്രമണങ്ങൾ നടത്തിയ ഇന്റലിജൻസ് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ഇറാനിലെ സൗത്ത് ഖൊറാസാൻ പ്രവിശ്യയിലെ ഗൈനാത്തിൽ 1960ലാണ് ഖത്തീബിന്‍റെ ജനനം.
ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായിരുന്നു ലാരിജാനി. ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിശ്വസ്തനായിരുന്ന ലാരിജാനി ഇറാൻ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധികേന്ദ്രവുമായിട്ടാണ് അറിയപ്പെടുന്നത്. ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യു.എസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തിൽ രാജ്യത്തിന്റെ പരമോന്നത നേതാവുൾപ്പെടെ കൊല്ലപ്പെട്ടിട്ടും ഇറാനെ ശക്തമായി മുന്നോട്ട് നയിക്കുന്നതിൽ അലി ലാരിജാനി വലിയ പങ്കുവഹിച്ചിരുന്നു. ലാരിജാനിയുടെ തലക്ക് നേരത്തെ യു.എസ് ഇനാം പ്രഖ്യാപിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെ, ഖുദ്സ് ദിനത്തിൽ അദ്ദേഹം തെഹ്റാനിൽ പതിനായിരക്കണക്കിന് ആളുകൾക്കൊപ്പം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കുകൊണ്ടതും വലിയ വാർത്തയായിരുന്നു. 18 ദിവസം പിന്നിട്ട പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ലാരിജാനിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിനകം, ഇറാനിൽ 1500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ അധിനിവേശം തുടരുന്ന ലബനാനിൽ 15 ദിവസത്തിനിടെ 850 പേർ കൊല്ലപ്പെടുകയും എട്ടുലക്ഷത്തിലധികം പേർ പലായനത്തിന് നിർബന്ധിതരാവുകയും ചെയ്തു. ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

