Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസ് തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്; നീക്കം ലബനാനിൽ വെടിനിർത്തൽ നിലവിൽവന്നതിനു പിന്നാലെ

text_fields
bookmark_border
ലബനാനിൽ സൈനിക വിന്യാസം തുടരുമെന്ന് ഇസ്രായേൽ
Strait of Hormuz
cancel

തെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാന്റെ നിർണായക നീക്കം. ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നതോടെ ഹുർമുസ് കടലിടുക്ക് എണ്ണക്കപ്പൽ ഗതാഗതത്തിനായി ഇറാൻ തുറന്നുകൊടുത്തു. പശ്ചിമേഷ്യയിൽ വെടിനിർത്തലിന് യു.എസും ഇറാനും തമ്മിൽ ധാരണയായിട്ടും ലബനാനിൽ ഇസ്രായേൽ ആക്രമണം തുടർന്നപ്പോഴാണ് കഴിഞ്ഞയാഴ്ച ഹുർമുസ് വീണ്ടും ഇറാൻ അടച്ചത്. തുടർന്ന്, ഹുർമുസിൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇറാൻ വഴങ്ങിയില്ല.

എന്നാൽ, കഴിഞ്ഞദിവസം, വാഷിങ്ടണിൽ ലബനാൻ-ഇസ്രായേൽ ചർച്ചക്ക് മുന്നോടിയായി പത്ത് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. വെടിനിർത്തൽ വെള്ളിയാഴ്ച പുലർച്ച പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതോടെയാണ്, ഹുർമുസ് തുറക്കാൻ ഇറാൻ തീരുമാനിച്ചത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗിഷിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ തീരുമാനത്തിൽ നന്ദി അറിയിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പക്ഷേ, നാവിക ഉപരോധം തുടരുമെന്ന് വ്യക്തമാക്കി. ഇറാനുമായി പുതിയ വെടിനിർത്തൽ കരാർ യാഥാർഥ്യമാകുന്നതുവരെ ഹുർമുസിൽ ഉപരോധമേർപ്പെടുത്തുമെന്നാണ് അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചത്. ഇറാന്റെ പ്രഖ്യാപനത്തോടെ എണ്ണ വില പത്ത് ശതമാനം കുറഞ്ഞു.

ഇറാനുപുറമെ, ലബനാനിലും സഖ്യരാഷ്ട്രങ്ങൾ വെടിനിർത്തൽ പ്രഖ്യാപിച്ചത് മേഖലക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഫെബ്രുവരി 28ന് തുടങ്ങിയ സംഘർഷം ഏതാണ്ട് കെട്ടടങ്ങിയിരിക്കുകയാണ്. വ്യാഴാഴ്ച വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ഇസ്രായേൽ കുറഞ്ഞ സമയത്തേക്ക് വ്യോമാക്രമണം നടത്തിയിരുന്നുവെങ്കിലും വെള്ളിയാഴ്ച ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, കരസൈന്യം ലബനാനിൽനിന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം, നാട്ടിലേക്ക് മടങ്ങുന്ന ലബനീസ് ജനതക്കും ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് അഭയാർഥികളുടെ മടക്കത്തെ അനിശ്ചിതത്വത്തിലാക്കി. അതേസമയം, വെടിനിർത്തൽ ഫലപ്രാപ്തിയിലെത്താൻ മേഖലയിൽനിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങണമെന്ന് ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ വാഷിങ്ടണിൽ ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായിട്ടല്ല ട്രംപ് പ്രതികരിച്ചത്. താൻ ഉടൻ ലബനാൻ സന്ദർശിക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് ട്രംപ് പറയുന്നത്.

പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാണ്. യു.എസ്-ഇറാൻ രണ്ടാം ഘട്ട ചർക്കായുള്ള പാകിസ്താന്റെ ശ്രമങ്ങൾ തുടരുകയാണ്. പാകിസ്താൻ, തുർക്കിയ, ഈജിപ്ത്, സൗദി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ന് തുർക്കിയയിലെ അനറ്റോളിയയിൽ യോഗം ചേരുന്നുണ്ട്. ഹുർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാറുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ പാരിസിൽ വിവിധ രാജ്യങ്ങളുടെ യോഗം വെള്ളിയാഴ്ച ചേർന്നു. ഈ യോഗത്തിന്റെ താൽപര്യംകൂടി മുൻനിർത്തിയാണ് ഇറാൻ ഹുർമുസ് തുറക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran’s FM says Strait of Hormuz ‘completely open’ during Lebanon ceasefire
Next Story