സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ; രണ്ടാംഘട്ട സമാധാന ചർച്ചയിൽ അനിശ്ചിതത്വം?
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസുമായുള്ള അടുത്തഘട്ട ചർച്ചകൾക്ക് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖാതിബ്സാദെ അറിച്ചു. രണ്ടാംഘട്ട ചർച്ചക്കു മുമ്പ് ആദ്യം ഇരുപക്ഷത്തിനും യോജിക്കാവുന്ന അടിസ്ഥാന ചട്ടക്കൂട് ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമപ്രകാരം തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഉപാധികൾ മാത്രമേ ഇറാൻ അംഗീകരിക്കുകയുള്ളു എന്നും സാദെ കൂട്ടിച്ചേർത്തു.
ഇതോടെ യു.എസ്- ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഇതു സംബന്ധിച്ച അനിശ്ചിത്വം നിലനിൽക്കകുയാണെന്ന് വ്യക്തമായി. അതേസമയം ഇറാൻ 'ക്യൂട്ട്' ആയി പെരുമാറുന്നുവെന്നും അമേരിക്കയെ ബ്ലാക്ക് മെയിൽ ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു ശനിയാഴ്ച യു.എസ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചിരുന്നത്. ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് പറഞ്ഞ അദ്ദേഹം ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും പറഞ്ഞു.
ഹുർമുസ് കടലിടുക്ക് തുറക്കാൻ പോകുകയാണെന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രഖ്യാപനത്തെ നന്ദി പറഞ്ഞ് സ്വീകരിച്ച ട്രംപ് പക്ഷേ ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കാൻ തയ്യാറായില്ല. തുടർന്ന് യു.എസ് ഉപരോധം തുടരുകയാണെങ്കിൽ ഹുർമൂസ് അടഞ്ഞു തന്നെ കിടക്കുമെന്ന് വ്യക്താക്കിയ ഇറാൻ കടലിടുക്ക് അടക്കുകയും ചെയ്തു. വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുത്ത കടലിടുക്ക് മണിക്കൂറുകൾക്കകം ഇറാൻ വീണ്ടും അടക്കുകയായിരുന്നു. പിന്നീട് ഇരുഭാഗത്തും കാര്യമായ പുരോഗതിയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചര്‍ച്ചക്ക് മുന്നോടിയായി പാക് സൈനിക മധാവി ഫീൽഡ് മാർഷൽ അസീം മുനീർ തെഹ്റാനിലെത്തി ഇറാൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പാക് മധ്യസ്ഥതിയിൽ ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ച ധാരണയിലെത്താതെ പിരിഞ്ഞതിനെത്തുടർന്നാണ് രണ്ടാം ഘട്ട ചർച്ചയിലേക്ക് കടക്കുന്നത്. ചർച്ചയിൽ ഇറാൻ അനാവശ്യമായ ഉപാധികളാണ് മുന്നോട്ടു വെച്ചതെന്നും യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചയിലൂടെ നേടാൻ ശ്രമിക്കുകയാണെന്നും ഇറാൻ ആരോപിച്ചിരുന്നു.
യു.എസിന്‍റെ നാവിക ഉപരോധം തുടരുകയാണെങ്കിൽ ഹുർമുസ് വീണ്ടും അടക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നതോടെയാണ് ഹുർമുസ് കടലിടുക്ക് എണ്ണക്കപ്പൽ ഗതാഗതത്തിനായി ഇറാൻ തുറന്നുകൊടുത്തത്. അതേസമയം, ബുധനാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുമെന്നും യുദ്ധം തുടങ്ങുമെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ധാരണ നീട്ടിയേക്കില്ല, ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും എയർ ഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യു.എസ്-ഇറാൻ വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്. വെടിനിർത്തൽ അവസാനിക്കാൻ ഏകദേശം മൂന്ന് ദിവസമേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

