Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി വിട്ടുവീഴ്ചയില്ല; അമേരിക്കൻ ഉപരോധങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ വിദേശകാര്യമന്ത്രി

text_fields
bookmark_border
ഇനി വിട്ടുവീഴ്ചയില്ല; അമേരിക്കൻ ഉപരോധങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ വിദേശകാര്യമന്ത്രി
cancel

തെഹ്റാൻ: ഇടക്കാല കരാർ പാലിക്കുന്നതിൽ അമേരിക്ക വരുത്തിയ വീഴ്ചക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടുകൾ നേരത്തെ ഉണ്ടാക്കിയ ധാരണകളുടെ ലംഘനമാണെന്നും വിശ്വാസ്യതക്ക് നിരക്കാത്ത നടപടികളാണ് വാഷിങ്ടണിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു അരാഗ്ചിയുടെ പ്രതികരണം. ഇറാനും യു.എസും തമ്മിൽ ധാരണയായ കരാറിലെ ഒമ്പതാം ഖണ്ഡിക ലംഘിക്കുന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരാർ പ്രകാരമുള്ള വ്യവസ്ഥതകൾ ഇറാൻ ഇതുവരെ പാലിച്ചിട്ടുണ്ട്. എന്നാൽ അമേരിക്ക തുടർച്ചയായി കരാർ ലംഘനങ്ങൾ നടത്തുകയും നയതന്ത്രപരമായ തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നുവെന്ന് അരാഗ്ചി ആരോപിച്ചു.

സമാധാന കരാറിലെ ഒമ്പതാം ഖണ്ഡിക പ്രകാരം പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെന്നും മേഖലയിൽ കൂടുതൽ സൈനിക വിന്യാസം നടത്തില്ലെന്നും അമേരിക്ക ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈയുടെ സാമ്പത്തിക സ്രോതസ്സുകളെ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞ ദിവസം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇറാനിയൻ വ്യവസായി അലി അൻസാരിയുൾപ്പെടെ 13 വ്യക്തികളെയും സ്ഥാപനങ്ങളെയാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നാരോപിച്ചാണ് നടപടി.

മുൻപും പലതവണ ഇത്തരം ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അരാഗ്ചി ഓർമിപ്പിച്ചു. ഇനിയങ്ങോട്ട് കാര്യങ്ങൾ മുന്നോട്ട് പോകണമെങ്കിൽ പരസ്പര സഹകരണം മാത്രമാണ് വഴിയെന്നും അരാഗ്ചി വ്യക്തമാക്കി. കരാറിന്റെ എല്ലാ വശങ്ങളും ഇരുപക്ഷവും ഒരുപോലെ പാലിച്ചാൽ മാത്രമേ അത് നിലനിൽക്കുകയുള്ളൂ എന്നും, ഏകപക്ഷീയമായ നടപടികൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഹുർമുസ് കടലിടുക്കിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും, മേഖലയിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി അരാഗ്ചി ഒമാനിലെത്തിയിട്ടുണ്ട്.

അതേസമയം അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ താല്പര്യം പ്രകടിപ്പിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. വാഷിങ്ടണുമായുള്ള ചർച്ചകൾക്കായി ഒരു അഭ്യർത്ഥനയും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖായിയാണ് വ്യക്തമാക്കിയത്. ട്രംപിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്നും, മേഖലയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ മധ്യസ്ഥർ വഴി ലഭിച്ച ഒരു നിർദേശം സ്വീകരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും ഇറാൻ വിശദീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran’s Araghchi warns ‘there can only be mutual compliance’ after US sanctions
Next Story