Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആക്രമണം ‘പണ്ടോറയുടെ...

ആക്രമണം ‘പണ്ടോറയുടെ പെട്ടി’ തുറക്കുമെന്ന് യു.എന്നിനോട് ഇറാൻ; ‘ ആക്രമണം അവസാനിപ്പിക്കാൻ ഉടൻ ഇടപെടണം’

text_fields
bookmark_border
ആക്രമണം ‘പണ്ടോറയുടെ പെട്ടി’ തുറക്കുമെന്ന് യു.എന്നിനോട് ഇറാൻ; ‘ ആക്രമണം അവസാനിപ്പിക്കാൻ ഉടൻ ഇടപെടണം’
cancel

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേലും യു.എസും ചേർന്ന് കൊലപ്പെടുത്തിയത് ഭീരുക്കളുടെ ഭീകരപ്രവർത്തനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ആക്രമണം അവസാനിപ്പിക്കാൻ ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യു.എൻ സുരക്ഷാ കൗൺസിലിനും അദ്ദേഹം കത്തയച്ചു.

രാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്ന അപകടകരമായ നീക്കമാണ് അമേരിക്കയും ഇസ്രായേലും നടത്തുന്നത്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ സ്ഥാപിത തത്വങ്ങളെ ലംഘിക്കുക മാത്രമല്ല; അപകടകരമായ ‘പണ്ടോറയുടെ പെട്ടി’ തുറക്കുകയും പരമാധികാര സമത്വത്തിന്റെയും അന്താരാഷ്ട്ര വ്യവസ്ഥയുടെയും അടിത്തറ ഇല്ലാതാക്കുകയും ചെയ്യും -അദ്ദേഹം പറഞ്ഞു.

ഇറാൻ -അമേരിക്ക യുദ്ധം വ്യാപിക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം തുടരുകയാണ്. വ്യോമഗതാഗതം പുനഃസ്ഥാപിക്കാത്തത് നിരവധി പ്രവാസികളെ പ്രതിസന്ധിയിലാക്കി. പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളുകൾ ഓൺലൈനാക്കുകയും ചെയ്തത് ഒഴിച്ചാൽ ഗൾഫ് രാജ്യങ്ങളിൽ ജനജീവിതം പൊതുവിൽ സാധാരണ നിലയിലായിരുന്നു. എന്നാൽ, അധികൃതരുടെ നിർദേശം പാലിച്ച് പൗരന്മാരും താമസക്കാരും വീടുകളിലും താമസകേന്ദ്രങ്ങളിലും തുടർന്നതിനാൽ റോഡും നഗരവും പൊതുഗതാഗത സംവിധാനങ്ങളും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. ആശങ്ക വേണ്ടെന്നാണ് രാഷ്ട്രനേതാക്കളും എംബസികളും അറിയിച്ചത്. അതേസമയം, പൊതു ഒത്തുകൂടലുകൾ ഒഴിവാക്കി പരമാവധി താമസ സ്ഥലത്ത് തന്നെ തുടരണമെന്നും നിർദേശമുണ്ട്.

യു.എ.ഇയിൽ ഇതിനകം പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. വിവിധ രാജ്യക്കാരായ 58 പേർക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തു. 165 ബാലിസ്റ്റിക് മിസൈലുകൾ, 2 ക്രൂസ് മിസൈലുകൾ, 541 ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാവിലെ 20 ബാലിസ്റ്റിക് മിസൈലുകളാണ് തകർത്തത്. 8 മിസൈലുകൾ കടലിൽ വീണു. കൂടാതെ 2 ക്രൂസ് മിസൈലുകളും 311 ഡ്രോണുകളും പ്രതിരോധിച്ചു. 21 ഡ്രോണുകൾ സിവിൽ കേന്ദ്രങ്ങളിൽ പതിച്ചിട്ടുണ്ട്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായതായും നാല് ജീവനക്കാർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.

ബഹ്റൈനിൽ ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണ പരമ്പര ഞായറാഴ്ചയും തുടർന്നു. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു. ഏഷ്യൻ പ്രവാസി തൊഴിലാളിയാണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ​ഇറാന്റെ മിസൈൽ ബഹ്‌റൈന്റെ പ്രതിരോധ സംവിധാനം വഴി തടഞ്ഞതിനെത്തുടർന്ന്, അതിന്റെ അവശിഷ്ടങ്ങൾ ഇൻഡസ്ട്രിയൽ സിറ്റിയിൽ പതിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു വിദേശ കപ്പലിൽ തീപിടുത്തം ഉണ്ടായതായും, ഇതാണ് മരണത്തിന് കാരണമായതെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന​ലെ രാവിലെ 3.30 ഓടെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ 7.30 ഓടെ നഗരത്തിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെയും ആക്രമണമുണ്ടായി. ഹൂറയിലെ ഇറ ടവറിന് ആക്രമണത്തിൽ സാരമായ കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 45 മിസൈലുകളെയും 9 ഡ്രോണുകളെയും പ്രതിരോധിച്ചതായി ബഹ്‌റൈൻ അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഒമാന് നേരെയും ഇതാദ്യമായി ആക്രമണം നടന്നു. തെക്കൻ തീരത്ത് ദുകം തുറമുഖത്തും ഹോർമുസ് കടലിടുക്കിന് സമീപം ഖസബിൽ എണ്ണക്കപ്പലിനുനേരെയുമാണ് ആക്രമണം നടന്നത്. ഇരുസംഭവങ്ങളിലായി അഞ്ചുപേർക്ക് പരിക്കേറ്റതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ആക്രമണത്തിന്റെ ഉറവിടം ഒമാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഹോർമുസ് കടലിടുക്കിന് സമീപം മുസന്ദം ഖസബ് തുറമുഖത്തിന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് എണ്ണക്കപ്പലിനുനേരെ ആക്രമണമുണ്ടായത്. പലാവു എന്ന ദ്വീപ് രാഷ്ട്രത്തിന്റെ ‘സ്കൈലൈറ്റ്’ എന്ന ഓയിൽ ടാങ്കറിന് നേരെ നടന്ന ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരും അഞ്ച് ഇറാനികളും ഉൾപ്പെടെ 20 ജീവനക്കാരെയും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ സുരക്ഷിതമായി ഒഴിപ്പിച്ചു.

കുവൈത്തിനെ ലക്ഷ്യമിട്ട് ഞായറാഴ്ചയും ഇറാന്റെ വ്യോമാക്രമണമുണ്ടായി. പരിക്കേറ്റ് ഞായറാഴ്ച അദാൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഒരാൾ മരിച്ചു. പരിക്കേറ്റ 32 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 പേരെ പ്രത്യേക ചികിത്സക്കായി ജാബിർ അൽ അഹ്മദ് ആശുപത്രിയിലേക്ക് മാറ്റി. അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുപേർക്ക് ശസ്ത്രക്രിയ വേണ്ടിവന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് എട്ടു പേർക്ക് കൂടി പരിക്കേറ്റു. ഇതോടെ പരിക്കേറ്റവരുടെ ആകെ എണ്ണം 16 ആയി ഉയർന്നു. കൂടാതെ, വിവിധ പ്രദേശങ്ങളിൽ പരിമിതമായ തോതിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. ഞായറാഴ്ച രാവിലെ വരെയായി 20ഓളം തവണയാണ് ആക്രമണമുണ്ടായത്. രാവിലെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടർന്നു. രാജ്യത്തെ ലക്ഷ്യമിട്ടുള്ള 18 ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran US TensionsAbbas AraghchiIran Israel Tensions
News Summary - Iran’s Araghchi calls for ‘immediate, concrete, and effective measures’ from UN
Next Story