ഇറാനിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വെടിയേറ്റു കൊല്ലപ്പെട്ടു
text_fieldsതെഹ്റാൻ: തലസ്ഥാനമായ തെഹ്‌റാനിലെ നിയമകാര്യ കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ ഇറാനിയൻ സുപ്രീംകോടതിയിലെ രണ്ട് മുതിർന്ന ജസ്റ്റിസുമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ആയുധധാരിയായ ഒരു അജ്ഞാതനാണ് കൊല നടത്തിയതെന്നും ശനിയാഴ്ച പുലർച്ചെ വെടിയുതിർത്ത ശേഷം ഇയാൾ ആത്മഹത്യ ചെയ്തുവെന്നും ജുഡീഷ്യറിയുടെ മീഡിയ സെന്റർ പ്രസ്താവനയിൽ പറഞ്ഞു.
കോടതിയുടെ വ്യത്യസ്‌ത ബ്രാഞ്ച് അധ്യക്ഷൻമാരായ ഹുജ്ജത്ത് അൽ ഇസ്‌ലാം റാസിനി, ഹുജ്ജത്ത് അൽ ഇസ്‌ലാം വൽ മുസ്‌ലിമീൻ മൊഖ്സെ എന്നിവരാണ് കൊല്ലപ്പെട്ടത്.
ദേശീയ സുരക്ഷ, ചാരവൃത്തി, ഭീകരവാദം എന്നിവക്കെതിരായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരുന്നവാരണ് കൊല്ലപ്പെട്ട ജഡ്ജിമാരെന്നും ഇരുവരും ധൈര്യവും അനുഭവപരിചയവുമുള്ളവരായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
രണ്ട് ജഡ്ജിമാരുടെയും മുറികളിലേക്ക് കൈത്തോക്ക് ധരിച്ച ഒരാൾ കടന്നുകയറി വെടിവെച്ചതായി ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാംഗീർ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ഇയാൾ ആരാണെന്നോ എന്താണ് ഉദ്ദേശ്യമെന്നോ വ്യക്തമല്ല. കുറ്റവാളിക്ക് സുപ്രീംകോടതിയിൽ മുൻ കേസുകളൊന്നും ഉണ്ടായിരുന്നില്ല. അവിടുത്തെ സന്ദർശകരിൽ ഒരാളായിരുന്നില്ലെന്നും പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതായി ജഹാംഗീർ പറഞ്ഞു.
ആക്രമണത്തിൽ ഒരു അംഗരക്ഷകനും പരിക്കേറ്റതായി സർക്കാർ ഉടമസ്ഥതയിലുള്ള തെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഉൾപ്പെട്ടേക്കാവുന്ന മറ്റ് പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അന്വേഷണം നടക്കുന്നതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.
1998ൽ തെഹ്‌റാൻ ജുഡീഷ്യറിയുടെ തലവനായി സേവനമനുഷ്ഠിക്കുമ്പോൾ ജസ്റ്റിസ് ഇസ്‍ലാം റസിനി ഒരു വധശ്രമത്തിന് വിധേയനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

