‘അമേരിക്കൻ ജനതയോട് ശത്രുതയില്ല, ഇറാൻ ഭീഷണിയാണെന്നത് കെട്ടുകഥ’: യു.എസ് പൗരന്മാർക്ക് കത്തെഴുതി ഇറാൻ പ്രസിഡന്റ്
text_fieldsമസൂദ് പെസെഷ്കിയാൻ
തെഹ്റാൻ: സാധാരണക്കാരായ അമേരിക്കൻ ജനതയോട് ഇറാന് യാതൊരുവിധ ശത്രുതയുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ബുധനാഴ്ച അമേരിക്കൻ ജനതക്കായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കോ നിലവിലെ വസ്തുതകൾക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
‘ജനങ്ങളും സർക്കാരും രണ്ടാണ്. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള സാധാരണ ജനങ്ങളോട് ഇറാനികൾക്ക് വിരോധമില്ല. വിദേശ ഇടപെടലുകൾക്കും സമ്മർദങ്ങൾക്കും ഇടയിലും, ഭരണകൂടങ്ങളെയും അവിടുത്തെ ജനങ്ങളെയും വേർതിരിച്ചു കാണാൻ ഇറാൻ ജനതക്ക് സാധിക്കുന്നുണ്ട്. ഇത് ഇറാനിയൻ സംസ്കാരത്തിന്റെ ഭാഗമാണ്’ പെസെഷ്കിയാൻ പറഞ്ഞു. ഇറാൻ ഒരു ഭീഷണിയാണെന്ന വാദം രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്കായി വൻശക്തികൾ നിർമിച്ചെടുക്കുന്നതാണ്. സൈനിക ആധിപത്യം നിലനിർത്താനും ആയുധ വിപണി സജീവമാക്കാനും വേണ്ടി ശത്രുക്കളെ അവർ കൃത്രിമമായി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് രൂപീകൃതമായ ശേഷം ഇറാൻ ഇതുവരെ ഒരു യുദ്ധവും തുടങ്ങിയിട്ടില്ല. എന്നാൽ ഇറാന് ചുറ്റും അമേരിക്ക താവളങ്ങൾ സ്ഥാപിച്ച് സൈനിക നീക്കം നടത്തുകയാണ്. ഇതിനെതിരെയുള്ള ഇറാന്റെ നടപടികൾ കേവലം ആത്മരക്ഷാർത്ഥമുള്ളവ മാത്രമാണെന്നും അത് യുദ്ധാഹ്വാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന് വേണ്ടി അമേരിക്ക 'പ്രോക്സി' യുദ്ധം ചെയ്യുകയാണോ എന്ന് പെസെഷ്കിയാൻ കത്തിൽ ചോദിച്ചു.
ഫലസ്തീനിലെ തങ്ങളുടെ ക്രൂരകൃത്യങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാൻ ഇസ്രായേൽ ഇറാൻ ഭീഷണി എന്ന പുകമറ സൃഷ്ടിക്കുകയാണ്. അവസാനത്തെ അമേരിക്കൻ സൈനികനെയും അമേരിക്കൻ നികുതിപ്പണത്തെയും ഉപയോഗിച്ച് ഇറാനെതിരെ യുദ്ധം ചെയ്യാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. അമേരിക്ക ഫസ്റ്റ് എന്നത് യു.എസ് സർക്കാരിന്റെ മുൻഗണന പട്ടികയിലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തെറ്റായ പ്രചരണങ്ങളിൽ വീഴാതെ ഇറാൻ സന്ദർശിച്ചവരോട് സംസാരിക്കാൻ അദ്ദേഹം അമേരിക്കൻ ജനതയെ ക്ഷണിച്ചു.
ലോകത്തെ മികച്ച സർവ്വകലാശാലകളിലും ടെക്നോളജി കമ്പനികളിലും ജോലി ചെയ്യുന്ന ഇറാനിയൻ കുടിയേറ്റക്കാരുടെ കഴിവ് നോക്കിയാൽ തന്നെ ഇറാനെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന കഥകൾ തെറ്റാണെന്ന് മനസ്സിലാക്കാമെന്നും പെസെഷ്കിയാൻ കത്തിൽ കുറിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ജനതയുടെ ഇടയിൽ ഇറാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും യു.എസ് സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

