ഇറാൻ മിസൈൽ പതിച്ചത് തെൽഅവീവ് നഗരത്തിൽ; കൂട്ട സൈറൺ, ബങ്കറുകളിൽ അഭയം തേടി ജനം
text_fieldsബങ്കറിൽ കഴിയുന്ന ഇസ്രായേൽ പൗരന്മാർ
ജറുസലേം: മിസൈൽ ആക്രമണത്തിലൂടെ ഇറാന്‍ നടത്തിയ തിരിച്ചടിയിൽ ഞെട്ടി ഇസ്രായേൽ തലസ്ഥാന നഗരമായ തെൽഅവീവ്. തെൽഅവീവിൽ ഇറാന്‍റെ മിസൈൽ പതിച്ചതിന് പിന്നാലെ ഉഗ്രസ്ഫോടന ശബ്ദവും പുകയും ഉയർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി.
ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് ഇസ്രായേൽ അധികൃതർ മുന്നറിയിപ്പ് നൽകി. ഇതുപ്രകാരം ജനങ്ങൾ അവശ്യസാധനങ്ങൾ ശേഖരിച്ച് വീടുകളിലേക്ക് മടങ്ങിയിരുന്നു. അപകട മുന്നറിയിപ്പ് സൈറൺ തുടർച്ചയായി മുഴങ്ങിയതിന് പിന്നാലെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി.
അതേസമയം, മധ്യ ഇസ്രായേലിൽ ഇറാന്‍റെ മിസൈൽ പതിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, മിസൈൽ പതിച്ച സ്ഥലങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല. ഇറാന്‍റെ രണ്ട് മിസൈലുകളാണ് തലസ്ഥാന നഗരിയായ തെൽഅവീവിൽ പതിച്ചത്.
അതേസമയം, ഇറാൻ ആക്രമണത്തിന് ഇസ്രായേൽ വനിത കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കുണ്ട്. രണ്ടു പേരുടെ നില ഗുരുതരം. ജറുസലേമിലെ ഉഗ്രസ്ഫോടനത്തിലാണ് വനിത കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രായേൽ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും വാർത്ത ഇസ്രായേൽ അധികൃതർ നിഷേധിച്ചു.
ഇറാന്‍റെ നതൻസ്, ഇസ്ഫഹാൻ, ഫർദോ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത്. നതൻസ് ആണവ കേന്ദ്രത്തിൽ കനത്ത നാശമുണ്ടായി. ആണവ കേന്ദ്രത്തിന്‍റെ മുകൾ ഭാഗത്തെ സംവിധാനങ്ങൾ തകർന്നതായാണ് ലഭിക്കുന്ന വിവരം. 60 ശതമാനം യൂറേനിയം സമ്പുഷ്ടീകരിക്കാൻ ശേഷിയുണ്ട് നതൻസ് ആണവനിലയത്തിന്. വൈദ്യുതി, ജനറേറ്റർ സംവിധാനങ്ങളും തകർന്നു.
തകർന്ന ആണവനിലയത്തിൽ നിന്നുള്ള റേഡിയേഷനിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി. എന്നാൽ, റേഡിയേഷൻ അളവ് കുറവാണെന്നാണ് വിവരം. തെക്കൻ തെഹ്റാനിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് നതൻസ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
തെഹ്റാനിലെ വിമാനത്താവളത്തിന് നേരെയും ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തി. ഇറാന്‍റെ വ്യോമസനേ ആസ്ഥാനം ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട്. അതേസമയം, ഇസ്രായേൽ ആക്രമണത്തിലും ഇറാന്‍റെ ആണവശേഷിക്ക് തിരിച്ചടി നേരിട്ടിട്ടില്ലെന്നാണ് രാജ്യാന്തര വിദഗ്ധർ പറയുന്നത്.
ഇറാന്‍റെ ആക്രമണം സാധാരണക്കാർക്ക് നേർക്കെന്നും പരിധികൾ ലംഘിച്ചെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ആരോപിച്ചു. ഇസ്രായേൽ ആക്രമണത്തിൽ 78 പേർ മരിച്ചെന്നും 320 പേർക്ക് പരിക്കേറ്റെന്നും ഇറാൻ സ്ഥിരീകരിച്ചു.
ജനവാസകേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ വാർത്ത ഏജൻസി ‘ഇർന’ വെളിപ്പെടുത്തി.
വെള്ളിയാഴ്ച പുലർച്ചയാണ് ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ നൂറോളം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും വെള്ളിയാഴ്ച ശക്തമായ വ്യോമാക്രമണം നടത്തിയത്.
ഇരുന്നൂറോളം യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വെള്ളിയാഴ്ച പുലർച്ചയും രാവിലെയുമായി നടത്തിയ ആക്രമണത്തിൽ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി, സായുധസേന മേധാവി ജനറൽ മുഹമ്മദ് ബാഖിരി, മുതിർന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്‍ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്‍റുമായ മുഹമ്മദ് മഹ്ദി തെഹ്റാൻശി, ആണവ ശാസ്ത്രജ്ഞനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫരീദൂൻ അബ്ബാസി, റെവലൂഷനറി ഗാർഡ് മിസൈൽ പദ്ധതി മേധാവി ജനറൽ അമീർ അലി ഹാജിസാദ, ഖാതമുൽ അൻബിയ ബ്രിഗേഡ് തലവൻ ഗുലാം അലി റാശിദ് എന്നീ പ്രമുഖർ കൊല്ലപ്പെട്ടു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുതിർന്ന ഉപദേശകൻ അലി ശംഖാനിക്ക് ആക്രമണത്തിൽ പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

