ഇന്ത്യയിലേക്കുള്ള യാത്രക്കു മുമ്പ് സംഘർഷ ലഘൂകരണത്തിന് ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്താനിൽ
text_fieldsതെഹ്റാൻ: ഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾക്കിടെ, ഡൽഹിയിലേക്കുള്ള യാത്രക്കുമുമ്പ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒരു ദിവസത്തെ സന്ദർശനത്തിനായി പാകിസ്താനിലെത്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുമെന്ന് അരാഗ്ചി വാഗ്ദാനം ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് സന്ദർശനം. ഈ ദുഷ്‌കരമായ സമയത്ത് കൂടുതൽ പരസ്പര ധാരണകൾ സ്ഥാപിക്കാൻ ഇസ്‍ലാമാബാദിലെയും ഡൽഹിയിലെയും തങ്ങളുടെ ഓഫിസുകൾ ഉപയോഗിക്കാൻ തയ്യാറാണെന്ന് അരാഗ്ചി പറഞ്ഞു.
സന്ദർശന വേളയിൽ അരാഗ്ചി പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ എന്നിവരുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തുമെന്ന് റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറും. പാകിസ്താനും ഇറാനും തമ്മിൽ അടുത്ത ഉഭയകക്ഷി ബന്ധം നിലനിർത്തുന്നുണ്ട്. അരാഗ്ചിയുടെ സന്ദർശനം നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയും ചെയ്യുമെന്ന് കരുതുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രാദേശിക രാജ്യങ്ങളുമായുള്ള ഇറാന്റെ തുടർച്ചയായ കൂടിയാലോചനകളുടെ ഭാഗമായി വിദേശകാര്യ മന്ത്രി അരാഗ്ചി പാകിസ്താനും ഇന്ത്യയും സന്ദർശിക്കാൻ പദ്ധതിയിടുന്നതായി ശനിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഇറാൻ സർക്കാറിന്റെ പ്രസ് ടി.വിയോട് പറഞ്ഞിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അഭിസംബോധന ചെയ്യുന്നതിലും തങ്ങളുടെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. ഇറാനിലെ ഉന്നത നയതന്ത്രജ്ഞൻ ഈ ആഴ്ച അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് ബഗായ് സ്ഥിരീകരിച്ചു.
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ 26 പേരെ കൊലപ്പെടുത്തി. 2019ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. പഹൽഗാം ആക്രമണത്തെ അരാഗ്ചി ശക്തമായി അപലപിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

