നിർണായക നയതന്ത്ര നീക്കവുമായി ഇറാൻ വിദേശകാര്യ മന്ത്രി ചൈനയിൽ
text_fieldsബീജിങ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചൈനയിലെത്തി. ബീജിങിലെത്തിയ അദ്ദേഹം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐ.ആർ.ഐ.ബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അരഗ്ചി ചൈനയിലെത്തിയത്. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പശ്ചിമേഷ്യയിലെ പ്രതിസന്ധികളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്യും. ഇറാന്റെ നയതന്ത്ര ഇടപെടലുകളുടെ സുപ്രധാന ഘട്ടമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിവിധ രാജ്യങ്ങളുമായി ഇറാൻ നടത്തുന്ന വിപുലമായ നയതന്ത്ര കൂടിയാലോചനകളുടെ ഭാഗമാണ് ഈ ചൈന സന്ദർശനം. പാകിസ്താൻ, ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് അരഗ്ചി ബീജിങിലെത്തുന്നത്.
കഴിഞ്ഞ മാസമായിരുന്നു സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായി അരഗ്ചി കൂടിക്കാഴ്ച നടത്തിയത്. ഇസ്രായേലും അമേരിക്കയും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും മേഖലയിലെ യുദ്ധസാഹചര്യത്തെക്കുറിച്ചും അദ്ദേഹം പുടിനുമായി സംസാരിച്ചു.
മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ മോസ്കോ സാധ്യമായതെല്ലാം ചെയ്യുമെന്ന് പുടിൻ ഉറപ്പുനൽകി. ഇറാൻ ജനതയുടെ പോരാട്ടത്തെ ‘വീരോചിതം’എന്നാണ് പുടിൻ വിശേഷിപ്പിച്ചത്.
ഇസ്‍ലാമാബാദിലെ ചർച്ചകൾ ഫലപ്രദമായിരുന്നു എന്നാണ് അരഗ്ചിയുടെ വിലയിരുത്തൽ. അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള സാഹചര്യങ്ങളും അവിടെ ചർച്ചയായി.
മസ്‌കത്തിൽ നടന്ന ചർച്ചകളിൽ പ്രധാനമായും സമുദ്ര സുരക്ഷയും ഹുർമുസ് കടലിടുക്കിലെ സാഹചര്യങ്ങളുമാണ് വിഷയമായത്. ഹുർമുസ് കടലിടുക്ക് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചാവിഷയമായിരിക്കുന്ന സാഹചര്യത്തിൽ, തീരദേശ സംസ്ഥാനങ്ങളായ ഇറാനും ഒമാനും തമ്മിലുള്ള കൂടിയാലോചനകൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹുമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും അമേരിക്കയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും കാരണം പശ്ചിമേഷ്യ അതീവ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിൽ ചൈനയെപ്പോലെയുള്ള ഒരു ആഗോള ശക്തിയുടെ പിന്തുണ ഉറപ്പാക്കാനും സമാധാന ശ്രമങ്ങൾ ഊർജിതമാക്കാനുമാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഈ നീക്കങ്ങൾ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

