ആണവ കേന്ദ്രങ്ങൾ നേരിട്ട് പരിശോധിക്കാൻ അനുവദിക്കുന്ന കരാറിൽ നിന്ന് ഇറാൻ പിന്മാറി; നടപടി ഇസ്രായേൽ-യു.എസ് ആക്രമണം മാസങ്ങൾ പിന്നിട്ടപ്പോൾ
text_fieldsതെഹ്റാൻ: യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മാസങ്ങൾക്കുശേഷം തങ്ങളുടെ ആണവ കേന്ദ്രങ്ങളുടെ അന്താരാഷ്ട്ര പരിശോധനകൾ പുനഃരാരംഭിക്കാൻ അനുവദിക്കുന്ന കരാറിൽ നിന്ന് പിന്മാറുകയാണെന്ന് ഇറാൻ അറിയിച്ചു. ഇറാന്റെ സമ്പുഷ്ട യുറേനിയം സ്റ്റോക്കിന്റെയും ജൂണിൽ ഇസ്രായേൽ ബോംബിട്ട ആണവ കേന്ദ്രങ്ങളുടെയും അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ ഏജൻസി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം.
യു.എസിന്റെ സഹായത്തോടെ ഇസ്രായേൽ ഇറാനുമായി 12 ദിവസത്തെ യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് (ഐ.എ.ഇ.എ) ഇറാനിയൻ ആണവ കേന്ദ്രങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. മുമ്പ്, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി ഹ്രസ്വ യുദ്ധത്തിലൂടെ നശിപ്പിച്ചതായി അവകാശപ്പെട്ടിരുന്നു.
ഇറാൻ യുറേനിയം സജീവമായി സമ്പുഷ്ടമാക്കുന്നതായി തോന്നുന്നില്ലെങ്കിലും ചില ആണവ കേന്ദ്രങ്ങളിൽ പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ടെന്ന് ഐ.എ.ഇ.എ.യുടെ തലവനായ റാഫേൽ ഗ്രോസി അടുത്തിടെ പറഞ്ഞിരുന്നു. കുറഞ്ഞ അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയം ആണവോർജം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാമെന്നും എന്നാൽ, ഉയർന്ന അളവിൽ അത് ആണവായുധങ്ങൾ നിർമിക്കാൻ ഉപയോഗിച്ചേക്കാമെന്നും പറയുകയുണ്ടായി.
അതേസമയം, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഇറാൻ നിരന്തരം വാദിക്കുന്നു. ഇറാൻ തങ്ങളുടെ ആണവ നിർവ്യാപന ബാധ്യതകൾ പാലിക്കുന്നില്ലെന്ന് ഐ.എ.ഇ.എ. പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങൾക്ക് ഇത് രാഷ്ട്രീയ മറ നൽകുന്നുവെന്ന് വാദിച്ച ഇറാൻ ഉദ്യോഗസ്ഥർ അന്നുമുതൽ ഐ.എ.ഇ.എ.യുടെ പരിശോധനകൾ നിരസിച്ചു.
അന്ത്യശാസനത്തിന് മറുപടിയായി ഇറാൻ ‘കെയ്‌റോ കരാറിൽ’ നിന്ന് പിന്മാറി. ഈ കരാർ ഇനി സാധുവല്ലെന്നും അത് അവസാനിപ്പിക്കുന്നതായി കണക്കാക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ഐ.എ.ഇ.എക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര പരിശോധനയിൽ നിന്നുള്ള ഇറാന്റെ പിൻമാറ്റം ഇറാനും ഇസ്രായേലും തമ്മിൽ മറ്റൊരു യുദ്ധത്തിന് കാരണമാകുമെന്ന് പ്രാദേശിക വിശകലന വിദഗ്ധരും ഉദ്യോഗസ്ഥരും ആശങ്ക പ്രകടിപ്പിക്കുന്നു. പിക്കാക്സ് മൗണ്ടൻ എന്നറിയപ്പെടുന്ന ഒരു പുതിയ സമ്പുഷ്ടീകരണ സ്ഥലത്ത് ഇറാൻ തുടർന്നും പ്രവർത്തിച്ചേക്കാമെന്ന് ചിലർ വാദിക്കുന്നു. ആ സ്ഥലത്തേക്കോ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളവയല്ലാതെ മറ്റ് സംശയിക്കപ്പെടുന്ന ആണവ സൈറ്റുകളിലേക്കോ അന്താരാഷ്ട്ര പരിശോധകർക്ക് പ്രവേശനം നൽകാൻ ഇറാൻ അധികാരികൾ വിസമ്മതിച്ചിട്ടുണ്ട്.
ഇറാനുമായും പാശ്ചാത്യ ശക്തികളുമായും തമ്മിലുള്ള ആണവ സമ്പുഷ്ടീകരണ പദ്ധതി പരിമിതപ്പെടുത്തുന്നതിനുള്ള ജെ.സി.പി.ഒ.എ കരാർ കഴിഞ്ഞ മാസം കാലഹരണപ്പെട്ടിരുന്നു. അതിനുശേഷം, അത് മാറ്റിസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഒരു സൂചനയും ഉണ്ടായിട്ടില്ല. യു.എസിന്റെ പങ്കാളിത്തമില്ലാതെ ഏതെങ്കിലും തരത്തിലുള്ള കരാർ സാധ്യമല്ലെന്ന് പലരും വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

