‘ഞാൻ പ്രധാനമന്ത്രിയായി തുടരുവോളം ഇറാൻ ആണവമുക്തമാണ്; ഇക്കാര്യത്തിൽ ട്രംപുമായി പൂർണ ധാരണയിൽ’ -ബെന്യമിൻ നെതന്യാഹു
text_fieldsതെൽഅവീവ്: ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവരിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഈ വിഷയത്തിൽ താനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ പൂർണ യോജിപ്പാണുള്ളതെന്നും നെതന്യാഹു വ്യക്തമാക്കി. തെഹ്‌റാനുമായി ഉടൻ തന്നെ പുതിയ ആണവ കരാറിലെത്തിയേക്കുമെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
"ഞാൻ ഇസ്രായേൽ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധം സ്വന്തമാക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ പ്രസിഡന്റ് ട്രംപും ഞാനും തമ്മിൽ യാതൊരു ഭിന്നതയുമില്ല," -വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിലായിരിക്കണം ഭാവിയിലെ ഏത് കരാറുമെന്ന ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും അടുത്ത ആഴ്ചയോടെ പുതിയ കരാർ ഒപ്പുവെക്കാൻ കഴിഞ്ഞേക്കുമെന്നും കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു. ഇതിനുപിന്നാലെ നെതന്യാഹു ട്രംപുമായി ടെലിഫോണിൽ സംസാരിച്ചതായും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. വാഷിങ്ടൺ തെഹ്റാനുമായി ചർച്ചകൾ തുടരുന്ന സാഹചര്യത്തിലും ഇറാന്റെ ആണവ മോഹങ്ങൾക്ക് തടയിടണമെന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ ധാരണയുണ്ടെന്ന് വ്യക്തമാക്കാനാണ് ഇസ്രായേലിന്റെ ഈ അടിയന്തര നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

