‘തുറന്ന കൈകളുമായി ഞങ്ങൾ കാത്തിരിക്കുന്നു...’; വനിതാ ഫുട്ബാൾ ടീമിനെ സ്വാഗതം ചെയ്ത് ഇറാൻ; അഞ്ച് താരങ്ങൾക്ക് അഭയം നൽകി ആസ്ട്രേലിയ
text_fieldsതെഹ്റാൻ: യുദ്ധത്തിനിടെ പുതിയ വിവാദം കത്തിപ്പടരവെ സ്വന്തം മണ്ണിലേക്ക് വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഹൃദ്യമായി സ്വാഗതമോതി ഇറാൻ. ‘‘വിഷമിക്കേണ്ട. തുറന്ന കൈകളുമായി ഞങ്ങൾ കാത്തിരിക്കുന്നുവെന്നായിരുന്നു’’ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. താരങ്ങൾ സ്വന്തം വീട്ടിലേക്ക് മടങ്ങിവരണമെന്ന് മന്ത്രാലയ വക്താവ് ഇസ്മായിൽ ബെഗായ് ‘എക്സി’ലൂടെ അഭ്യർഥിച്ചു.
വനിതാ സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളെ സമാധാനത്തോടും ആത്മവിശ്വാസത്തോടും കൂടി രാജ്യത്തേക്ക് തിരികെ ക്ഷണിക്കുന്നുവെന്ന് ഇറാന്റെ ജനറൽ പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ബെഗായിയുടെ പോസ്റ്റ്. അതിനിടെ, വനിതാ ഏഷ്യ കപ്പ് ടൂർണമെന്റിന് രാജ്യത്തെത്തിയ അഞ്ച് ഇറാൻ വനിതാ ഫുട്ബാൾ ടീം അംഗങ്ങൾക്ക് അഭയം നൽകി ആസ്ട്രേലിയ. ഇറാനിലെ യു.എസ്, ഇസ്രായേൽ ആക്രമണങ്ങൾക്കുമുമ്പ് ആസ്ട്രേലിയയിലെത്തിയ ഇറാൻ വനിതാ ഫുട്ബാൾ ടീമിലെ അഞ്ച് താരങ്ങൾക്കാണ് താൽക്കാലിക ‘മാനുഷിക വിസ’ അനുവദിച്ചത്. താരങ്ങളുടെ അഭ്യർഥന പ്രകാരമാണ് നടപടി.
വനിതാ ഏഷ്യൻ കപ്പിനായി കളിക്കാരും പരിശീലകരുമടക്കം 26 പേരാണ് കഴിഞ്ഞ മാസം ആസ്ട്രേലിയയിലെത്തിയത്. ഫെബ്രുവരി 28ന് ഇറാനുനേരെ യു.എസ്, ഇസ്രായേൽ ആക്രമണം ആരംഭിച്ചതോടെ ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

