Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ യുദ്ധമല്ല, ഇത്തവണ കളി മാറും; യു.എസിന് മുന്നറിയിപ്പുമായി ഇറാൻ

text_fields
bookmark_border
പഴയ യുദ്ധമല്ല, ഇത്തവണ കളി മാറും; യു.എസിന്   മുന്നറിയിപ്പുമായി ഇറാൻ
cancel

തെഹ്റാൻ: അമേരിക്കയുമായി വീണ്ടുമൊരു സംഘർഷമുണ്ടായാൽ അത് മുൻപത്തെ യുദ്ധത്തേക്കാൾ കൂടുതൽ കാലം നീണ്ടുനിന്നേക്കാമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇനിയുമൊരു കൈ നോക്കാനുണ്ടെന്നും ‘കെയർ ഓഫ്’ ചെയ്യാനുണ്ടെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇറാൻ ഔദ്യോഗികമായി ഈ നിലപാട് വ്യക്തമാക്കിയത്.മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും യു.എസും ഇസ്രായേലും വീണ്ടും വ്യോമാക്രമണങ്ങൾ ആരംഭിച്ചേക്കുമെന്ന ഭീഷണികൾ ശക്തമായിരിക്കുകയാണ്.

‘ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു യുദ്ധം മുൻകാല സംഘർഷങ്ങളെക്കാൾ നീണ്ടുനിന്നേക്കാം. ഈ യുദ്ധത്തിന്റെ അവസാന ഘട്ടമോ സമയമോ അതിന്റെ അവസ്ഥയോ നിശ്ചയിക്കാൻ അമേരിക്കൻ പ്രസിഡന്റിന് കഴിയില്ല’- ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത റിപ്പോർട്ടിൽ ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രംനിയ വ്യക്തമാക്കി.

ഫെബ്രുവരി 28ന് ഇറാൻ-യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തോടെയാണ് ഈ യുദ്ധത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടം ആരംഭിച്ചത്. ഇതിന് മറുപടിയായി ഇറാൻ മേഖലയിലുടനീളം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു.

ഇറാനിലെ ബാക്കിയുള്ള ലക്ഷ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ തകർക്കാൻ അമേരിക്കക്ക് കഴിയുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടിരുന്നു. ‘ഞങ്ങൾക്ക് ഇനിയും ഒന്നോ രണ്ടോ സൈറ്റുകൾ കൂടി കൈകാര്യം ചെയ്യാനുണ്ട്, പക്ഷേ അത് 10 മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് സാധിക്കും’-ട്രംപ് പറഞ്ഞു.

ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോവയിൽ നടന്ന ഒരു കാമ്പെയ്ൻ റാലിയിലും ട്രംപ് തന്റെ ഭീഷണി ആവർത്തിച്ചു. അനുയോജ്യമായ സമയത്ത് ടെഹ്‌റാനുമേൽ ‘ചുറ്റിക പ്രയോഗിക്കേണ്ടി’ വന്നേക്കാമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

അതേസമയം, ഇറാനെതിരെയുള്ള പോരാട്ടങ്ങൾ എപ്പോൾ, എങ്ങനെ ശക്തമാക്കണം എന്നത് സംബന്ധിച്ച് ശനിയാഴ്ച ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനെതിരെ ഉടൻ ആക്രമണം നടത്തണമെന്ന് നെതന്യാഹു ട്രംപിനെ ശക്തമായി പ്രേരിപ്പിച്ചതായും എന്നാൽ ചർച്ചകൾക്ക് അല്പം കൂടി സമയം അനുവദിക്കാനാണ് ട്രംപ് താൽപ്പര്യപ്പെടുന്നതെന്നും ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു.

ഇരു നേതാക്കൾക്കുമിടയിലെ ചർച്ച വളരെ ‘കർശനവും’ ‘നേരിട്ടുള്ളതുമായിരുന്നു’ എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഞായറാഴ്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി നെതന്യാഹുവുമായി ഇറാൻ വിഷയം ചർച്ച ചെയ്തിരുന്നതായി ട്രംപ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.

അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടുമൊരു ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാനിലെ ഉന്നത രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. അമേരിക്കയുമായുള്ള സംഘർഷത്തിന് ഭൗമശാസ്ത്രപരമായ അതിരുകളില്ലെന്നും ശത്രുവിന് കനത്ത നാശനഷ്ടങ്ങൾ വിതറുന്ന വലിയൊരു പോർക്കളം തന്നെ ഇതിനായി തയ്യാറാക്കിയിട്ടുണ്ടെന്നും ഇറാന്റെ പുതിയ പരമാധികാരി മുജ്തബ ഖാംനഈയുടെ സന്ദേശം ഉദ്ധരിച്ച് റെവല്യൂഷണറി ഗാർഡ് വക്താവ് ഹുസൈൻ മുഹബ്ബി മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran warns of longer war
Next Story