ഇറാൻ യുദ്ധം: മൂന്ന് ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക സമ്മർദ്ദത്തിൽ, അമേരിക്കക്ക് തിരിച്ചടി
text_fieldsവാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള തുടർച്ചയായ സംഘർഷം മൂന്ന് പ്രധാന ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി പെറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സിന്റെ ( പി.ഐ.ഐ.ഇ) പുതിയ പഠന റിപ്പോർട്ട്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ അജണ്ടയുടെ ഭാഗമായി യു.എസിൽ പ്രഖ്യാപിച്ചിട്ടുള്ള ഏകദേശം നാല് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് ഇതോടെ കൂടുതൽ ദുഷ്കരമായേക്കും.
തിങ്കളാഴ്ച പുറത്തിറക്കിയ 15 പേജുള്ള റിപ്പോർട്ട് അനുസരിച്ച്, പ്രതിരോധം, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, വ്യാപാരം എന്നിവക്കായി കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നത് ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്. ഈ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയേക്കാൾ ഗൾഫ് രാജ്യങ്ങളെയാണ് കഠിനമായി ബാധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധി 2026 ലെ ആഗോള വളർച്ചാ പ്രവചനം 0.3 ശതമാനം മാത്രമായി കുറച്ചപ്പോൾ, ഗൾഫ് രാജ്യങ്ങളിൽ ഇത് വളരെ വലുതാണ്.
ഖത്തറിന്റെ വളർച്ചാ പ്രവചനം ഐ.എം.എഫ് 14.7 ശതമാനം കുറച്ച് 8.6 ശതമാനമാക്കിയപ്പോൾ, സൗദി അറേബ്യയുടേത് 4.5 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറച്ചു. യു.എഇയുടെ വളർച്ച പ്രവചനവും 5.6 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി താഴ്ന്നു.
ആഭ്യന്തര നിക്ഷേപങ്ങൾക്ക് മുൻഗണന
ഗൾഫ് സർക്കാരുകൾക്ക് പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാനുള്ള ആസ്തികളും കടമെടുക്കാനുള്ള ശേഷിയുമുണ്ടെങ്കിലും, വർധിച്ചുവരുന്ന ഈ സമ്മർദ്ദം യു.എസിലെ നിക്ഷേപങ്ങളേക്കാൾ രാജ്യത്തിനകത്തെ ചെലവുകൾക്ക് മുൻഗണന നൽകാൻ അവരെ പ്രേരിപ്പിച്ചേക്കാമെന്ന് പി.ഐ.ഐ.ഇ ചൂണ്ടിക്കാണിക്കുന്നു. യുദ്ധത്തിന് മുമ്പ് തന്നെ സൗദി അറേബ്യ ആഭ്യന്തര നിക്ഷേപങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുതുടങ്ങിയിരുന്നു. 2020ൽ 30 ശതമാനമായിരുന്ന അന്താരാഷ്ട്ര നിക്ഷേപങ്ങളുടെ ഓഹരി പങ്കാളിത്തം കഴിഞ്ഞ ആറ് വർഷത്തിനിടയിൽ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 20 ശതമാനമായി കുറച്ചിട്ടുണ്ട്.
നിക്ഷേപ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് വൈകിയാൽ അത് വൈറ്റ് ഹൗസിൽ നിന്നുള്ള ശക്തമായ സമ്മർദ്ദത്തിന് കാരണമായേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വാഗ്ദാനങ്ങൾ പാലിക്കാൻ മറ്റ് രാജ്യങ്ങളെ നിർബന്ധിക്കാൻ ട്രംപ് ഭരണകൂടം നേരത്തെയും താരിഫുകൾ ഉപയോഗിച്ചിട്ടുണ്ട്.
2026 ജനുവരിയിൽ സൗത്ത് കൊറിയൻ പാർലമെന്റ് യു.എസ് നിക്ഷേപ കരാർ നടപ്പിലാക്കാൻ വൈകിയപ്പോൾ കൊറിയൻ ഉൽപ്പന്നങ്ങളുടെ താരിഫ് ഉയർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, സൗത്ത് കൊറിയയുമായി ബന്ധപ്പെട്ട ഈ സമ്മർദ്ദങ്ങൾക്കിടയിലും യു.എസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാന സൗകര്യ വികസനത്തെ സഹായിക്കുന്ന 100 ബില്യൺ ഡോളറിലധികം വരുന്ന ഊർജ നിക്ഷേപ കരാറിനോട് കൊറിയൻ സർക്കാർ അടുത്തിരിക്കുന്നതായി ‘ദി വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറാകട്ടെ യു.എസ് ഊർജ മേഖലയിലെ നിക്ഷേപങ്ങൾ തുടരുകയാണ്. മാർച്ചിൽ ടെക്സസിലെ ഒരു പ്ലാന്റിൽ ഖത്തർ എനർജി ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) ഉത്പാദനം ആരംഭിക്കുകയും അടുത്ത മാസം കയറ്റുമതി തുടങ്ങുകയും ചെയ്തു.
നിക്ഷേപ വാഗ്ദാനങ്ങൾക്ക് കൃത്യമായ നിർവചനങ്ങൾ, സമയപരിധികൾ, അവ വിലയിരുത്താനുള്ള മാർഗ്ഗങ്ങൾ എന്നിവ ഇല്ലാത്തത് രാജ്യങ്ങൾ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിർണയിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്ന് പി.ഐ.ഐ.ഇ പറയുന്നു. ഈ കരാറുകൾ യു.എസ് കോൺഗ്രസിന്റെ കടുത്ത നിരീക്ഷണത്തിലാണ്. സാമ്പത്തിക-ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങൾ, ഭരണനിർവ്വഹണം, താൽപര്യ സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

