Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനെതിരെ യുദ്ധം: യു.എസിന് നഷ്ടം 3810 കോടി ഡോളർ; ആ‍യുധക്ഷാമം നികത്താൻ അഞ്ച് വർഷമെടുക്കും; സി.ബി.എസ് റിപ്പോർട്ട്

text_fields
bookmark_border
ഇറാനെതിരെ യുദ്ധം: യു.എസിന് നഷ്ടം 3810 കോടി ഡോളർ; ആ‍യുധക്ഷാമം നികത്താൻ അഞ്ച് വർഷമെടുക്കും; സി.ബി.എസ് റിപ്പോർട്ട്
cancel

വാഷിങ്ടൺ: ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ യുദ്ധം നടത്തിയതിലൂടെ യു.എസിന് 38.1 ശതകോടി ഡോളർ നഷ്ടം വരുത്തിവെച്ചതായി ഏജൻസിയായ കോൺഗ്രഷണൽ ബജറ്റ് ഓഫീസ് (സി.ബി.ഒ). ഓഗസ്റ്റ് 1 വരെയുള്ള നഷ്ടത്തിന്റെ കണക്കാണിത്. യുദ്ധം വരുത്തിവെച്ച ആയുധക്ഷാമം നികത്താൻ അഞ്ച് വർഷമെടുക്കുമെന്നും നിഷ്പക്ഷ ഏജൻസിയായ സി.ബി.ഒ കണ്ടെത്തി.

പെന്റഗൺ ഇൻസ്‌പെക്ടർ ജനറൽ യുദ്ധത്തെക്കുറിച്ചുള്ള തങ്ങളുടെ ആദ്യ അവലോകനം പുറത്തുവിട്ട് ഒരു ദിവസത്തിന് ശേഷമാണ് റിപ്പോർട്ട് വരുന്നത്. ജൂൺ 30 വരെ വെടിയുണ്ടകൾക്കും ആയുധങ്ങൾക്കുമായി മാത്രം യു.എസ് 22.3 ശതകോടി ഡോളർ ചെലവഴിച്ചുവെന്നും, ആകെ ചെലവ് 33.4 ശതകോടി ഡോളറിലെത്തിയെന്നും ആയുധ പ്രതിസന്ധി പെന്‍റഗൺ രൂക്ഷമാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധം വൻതോതിൽ ആയുധം ശേഖരം കുറയാനിടയാക്കി. ആയുധങ്ങൾ വീണ്ടും ലഭ്യമാക്കുന്നതിൽ വ്യാവസായിക തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും പെന്‍റഗൺ വ്യക്തമാക്കിയിരുന്നു.

പോരാട്ടം തുടരുന്ന ഓരോ അധിക മാസത്തിനും ഇനിയും 2 ശതകോടി മുതൽ 3 ശതകോടി ഡോളർ വരെ ചെലവായേക്കാമെന്നും സി.ബി.ഒ റിപ്പോർട്ടിൽ പറയുന്നു. കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങൾക്കും നിർമ്മിതികൾക്കും ഇറാൻ നടത്തിയ ആക്രമണങ്ങൾ നാശനഷ്ടമുണ്ടാക്കുകയോ നശിപ്പിക്കുകയോ ചെയ്തതായും റിപ്പോർട്ട് കണ്ടെത്തി.കൂടാതെ വിമാനങ്ങളുടെ പറക്കൽ സമയം കൂടിയതിലൂടെ 10.4 ശതകോടി ഡോളർ, ഇന്ധനവില ഉയർന്നതിലൂടെ 2.7 ശതകോടി ഡോളർ അധികമായി ചെലവ് വരുത്തിയതായും സി.ബി.ഒ കണക്കാക്കി.

ഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിനെ സഹായിച്ചതിലൂടെ 2025 ജൂൺ മുതൽ രാജ്യത്തിന്റെ മിസൈൽ പ്രതിരോധ ഇന്റർസെപ്റ്ററുകളുടെ മൂന്നിൽ രണ്ട് ഭാഗത്തോളം ഉപയോഗിച്ചുതീർത്തുവെന്നും, ഇത് കുറച്ചു വർഷത്തേക്ക് യുഎസിൽ ഇവയുടെ ശേഖരം കുറവായിരിക്കാൻ ഇടയാക്കുമെന്നും സി.ബി.ഒ മുന്നറിയിപ്പ് നൽകി.യുദ്ധം തന്ത്രപ്രധാനമായ ആയുധ ശേഖരത്തിൽ കുറവുകൾക്ക് കാരണമായെന്നും, കൂടാതെ ആയുധങ്ങൾ വീണ്ടും ലഭ്യമാക്കുന്നതിൽ വ്യാവസായിക അടിത്തറയിലെ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കി.

പെന്റഗൺ കണക്ക് പ്രകാരം 7.4 ശതകോടി ഡോളർ അധിക പ്രവർത്തന ചെലവ് വന്നു. ഉപയോഗിച്ച ആയുധങ്ങൾ പുനഃസ്ഥാപിക്കാൻ 22.3 ശതകോടി ഡോളർ വേണം. ഉപകരണങ്ങളുടെ നാശനഷ്ടമായി 3.7 ശതകോടി ഡോളറും കണക്കാക്കുന്നു.

സോളിഡ് റോക്കറ്റ് മോട്ടോറുകൾ, സ്ഫോടകവസ്തുക്കൾ, പ്രൊപ്പല്ലന്റുകൾ, വിദഗ്ദ്ധ തൊഴിലാളികൾ എന്നിവയുടെ ലഭ്യതക്കുറവ് യുഎസിന്റെ ആയുധശേഖരം വീണ്ടും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എട്ട് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുഎസ് താവളങ്ങളിലെ "നൂറുകണക്കിന് കെട്ടിടങ്ങൾക്കും നിർമ്മിതികൾക്കും" ഇറാൻ നടത്തിയ ആക്രമണങ്ങൾ നാശനഷ്ടമുണ്ടാക്കുകയോ നശിപ്പിക്കുകയോ ചെയ്തതായി തിങ്കളാഴ്ചത്തെ ഡിഒഡി ഐജി റിപ്പോർട്ട് വ്യക്തമാക്കുന്നു. നാല് F-15E യുദ്ധവിമാനങ്ങൾ, ഒരു F-35A, ഏഴ് KC-135 റീഫ്യുവലിംഗ് വിമാനങ്ങൾ, ഏഴ് ഹെലികോപ്റ്ററുകൾ, 30-ലധികം ഡ്രോണുകൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. യു.എസ് വ്യോമസേനയുടെ കണക്കനുസരിച്ച്, ഒരു F-35A വിമാനത്തിന് 92 ദശലക്ഷം ഡോളർ വരെ വിലവരും, എന്നാൽ ഇപ്പോൾ ഉൽപ്പാദനമില്ലാത്ത F-15E വിമാനത്തിന് 1998-ൽ 31.1 ദശലക്ഷം ഡോളറായിരുന്നു ചെലവ്.

യുദ്ധം ആരംഭിച്ചപ്പോൾ മേഖലയിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങൾക്കുമായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് 79.2 ദശലക്ഷം ഡോളർ ചെലവായതായി പെന്റഗൺ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ നയതന്ത്ര കേന്ദ്രങ്ങൾക്ക് 184 ദശലക്ഷം ഡോളറിന്റെ നാശനഷ്ടവും ഇത് കണക്കാക്കി. തകർന്ന സൈനിക താവളങ്ങളുടെ പുനർനിർമ്മാണ പദ്ധതികൾക്കോ ഫണ്ട് സ്രോതസ്സുകൾക്കോ വേണ്ടിയുള്ള കണക്കുകൾ പ്രതിരോധ മന്ത്രാലയം നൽകിയിട്ടില്ല.

എന്നാൽ യുദ്ധത്തിന്റെ ആദ്യദിനത്തിൽ 120 കുട്ടികൾ ഉൾപ്പെടെ 156 പേർ കൊല്ലപ്പെട്ട മിനാബ് സ്കൂൾ ആക്രമണത്തെക്കുറിച്ച് പെന്റഗൺ നടത്തുന്ന ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് പെന്റഗണിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ആക്രമണങ്ങൾക്കുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിൽ പെന്റഗണിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വെളിപ്പെടുത്തുന്ന അന്വേഷണ ഫലങ്ങൾ പെന്റഗൺ മുക്കി എന്ന് വിമർശകർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran war cost hits $38 billion- CBO says
Next Story