ചൈനയുടെ ‘മാൻപാഡ്സ്’ മിസൈലുകൾ വാങ്ങാൻ ഇറാൻ; അമേരിക്കൻ വ്യോമാക്രമണത്തിന് കടുത്ത ഭീഷണിയാകുമോ..?
text_fieldsഅമേരിക്കൻ യുദ്ധവിമാനങ്ങളെ തകർത്തിടാൻ ചൈനയുടെ സൈനിക ആയുധം ഇറാനിലെത്തുന്നുമെന്ന് റിപ്പോർട്ട്. കൈയിൽവെച്ച് തൊടുത്തുവിടാവുന്ന തരത്തിലുള്ള ‘മാൻപാഡ്സ്’ (MANPADS) എന്ന് വിളിക്കപ്പെടുന്ന മിസൈലുകൾ ഇറാൻ സൈന്യത്തിന് അമേരിക്കയുമായുള്ള കരയുദ്ധത്തിന് കരുത്താകുമെന്നാണ് പറയപ്പെടുന്നത്. ചൈനയിൽനിന്ന് ഏകദേശം 1000ത്തിലധികം മാൻപാഡ്സ് ഇറാൻ വാങ്ങാൻ പോകുന്നതായി സി.എൻ.എൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരിട്ട് നൽകുന്നതിനുപകരം മധ്യേഷ്യൻ രാജ്യങ്ങൾ വഴി ഇവ ഇറാനിലെത്തിക്കാനാണ് നീക്കം. ചൈനയുടെ ക്യു.ഡബ്ല്യൂ-2, ക്യു.ഡബ്ല്യൂ-18 എന്നീ മോഡലുകളാണ് ഇറാൻ ലക്ഷ്യമിടുന്നത്. അത്യാധുനിക അമേരിക്കൻ യുദ്ധവിമാനങ്ങളെ പോലും തകർക്കാൻ ശേഷിയുള്ള ഇവ, വരാനിരിക്കുന്ന ഒരു കരയുദ്ധത്തിൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായേക്കാം.
എന്താണ് ‘മാൻപാഡ്സ്’ മിസൈലുകൾ?
‘മാൻ പോർട്ടബ്ൾ എയർ ഡിഫൻസ് സിസ്റ്റം’ എന്നതിന്റെ ചുരുക്കരൂപമാണ് മാൻപാഡ്സ്. ഒരു സൈനികന് സ്വന്തം തോളിൽവെച്ച് വിമാനങ്ങൾക്ക് നേരെ തൊടുക്കാനാവുന്ന ചെറിയ മിസൈലുകളാണിവ. പൊതുവെ ഭാരം കുറഞ്ഞതും, എളുപ്പത്തിൽ ഒളിപ്പിച്ചുവെക്കാവുന്ന തരത്തിലുമുള്ള കുഞ്ഞൻ മിസൈലുകൾ.
ലക്ഷ്യസ്ഥാനം കണ്ടെത്തുന്ന രീതിയെ അടിസ്ഥാനമാക്കി ഇത് മൂന്ന് ഇനത്തിലുണ്ട്. വിമാനത്തിന്റെ ചൂട് തിരിച്ചറിഞ്ഞ് ലക്ഷ്യത്തെ പിന്തുടരുന്ന ഇൻഫ്രാറെഡ് സിസ്റ്റം, സൈനികർ നേരിട്ട് നിയന്ത്രിക്കുന്ന ലൈൻ-ഓഫ്-സൈറ്റ് രീതി, ലേസർ രശ്മികൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം നിർണയിക്കുന്ന ലേസർ ബീം സംവിധാനം എന്നിങ്ങനെ ഈ മാൻപാഡ് മിസൈലുകളെ നിയന്ത്രിക്കാനാകും.
ഏകദേശം 5 കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ മാത്രമാണ് ഇവയ്ക്ക് തകർക്കാൻ കഴിയുക. അതിനാൽ തന്നെ ഉയർന്ന ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾക്ക് വലിയ ഭീഷണിയല്ല.
അമേരിക്കയെ ഭയപ്പെടുത്തുന്ന ആയുധം
അമേരിക്ക ഇറാനിൽ ഒരു കരയുദ്ധത്തിന് മുതിരുകയാണെങ്കിൽ ഈ മിസൈലുകൾ നിർണായകമായിരിക്കുമെന്ന് നിരീക്ഷകർ പറയുന്നു. കരസേനയ്ക്ക് പിന്തുണ നൽകാനായി അമേരിക്കൻ വിമാനങ്ങൾക്ക് താഴ്ന്നു പറക്കേണ്ടി വരും. ഈ സമയത്ത് മാൻപാഡ്സ് ഉപയോഗിച്ച് അവയെ എളുപ്പത്തിൽ വീഴ്ത്താം. അതുകൊണ്ടാണ് ഇവയെ അമേരിക്കൻ സൈനികർ ഭയക്കുന്നത്. ഈ മിസൈലുകൾക്ക് റഡാർ സിഗ്നലുകൾ ഇല്ലാത്തതിനാൽ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ മുൻകൂട്ടി കണ്ടെത്താൻ കഴിയില്ല. ഇറാന്റെ മലനിരകളിൽ ഒളിച്ചിരുന്ന് ആക്രമണം നടത്താൻ ഈ ചെറിയ മിസൈലുകൾ സൈനികരെ സഹായിക്കും.
ഏപ്രിൽ 3-ന് അമേരിക്കയുടെ എഫ്-15ഇ, എ-10 തുടങ്ങിയ കരുത്തുറ്റ വിമാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാന്റെ പ്രതിരോധം ശക്തമല്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, യുദ്ധക്കളത്തിലെ യാഥാർഥ്യം മറ്റൊന്നാണെന്ന് ഈ നഷ്ടങ്ങൾ സൂചിപ്പിക്കുന്നു. ട്രംപ് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന് ഇറാനു ആയുധങ്ങൾ നൽകരുത് എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. താൻ ആയുധങ്ങൾ നൽകുന്നില്ലെന്ന് ഷീ ജിൻപിങ് മറുപടിയും നൽകിയതായും ട്രംപ് അവകാശപ്പെടുന്നു.
വായുസേനയുടെ കരുത്തിൽ വിശ്വസിക്കുന്ന അമേരിക്കയ്ക്ക് ഇറാന്റെ കയ്യിലുള്ള ഈ ചെറിയ മിസൈലുകൾ വലിയൊരു തലവേദനയായി മാറുമെന്ന് ഉറപ്പാണ്. പോരാട്ടം കരയിലേക്ക് നീങ്ങിയാൽ 'മാൻപാഡ്സ്' ആയിരിക്കും ഇറാന്റെ പ്രധാന ആയുധം. ഇറാന് ഈ ആയുധങ്ങൾ ലഭ്യമായാൽ അത് പശ്ചിമേഷ്യയിലെ യുദ്ധഗതിയെ തന്നെ മാറ്റിമറിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

