‘ഭീഷണികളും ചർച്ചകളും മാറിമാറി ഉപയോഗിക്കുന്നു, അമേരിക്കയുടേത് നാടകീയ നയതന്ത്രം’- ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ
text_fieldsഡോണൾഡ് ട്രംപ്, മുഹമ്മദ് ബാഖിർ ഖാലിബാഫ്
തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് രംഗത്തെത്തി. ഇറാനെതിരെ ആക്രമണം പ്രഖ്യാപിക്കുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്യുന്ന ട്രംപിന്റെ നടപടികൾ 'തുടർച്ചയായ നാടകീയ നയതന്ത്രം' മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖാലിബാഫ് അമേരിക്കയുടെ നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ചത്.
തെഹ്‌റാനുമായി കരാറിലെത്താനുള്ള രൂപരേഖ തയാറായെന്ന് അവകാശപ്പെട്ട് ട്രംപ് അടുത്തിടെ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന വലിയാക്രമണങ്ങൾ അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. സൈനിക ഭീഷണികളും ചർച്ചക്കുള്ള വാഗ്ദാനങ്ങളും മാറിമാറി ഉപയോഗിക്കുന്ന അമേരിക്കയുടെ തന്ത്രം തികഞ്ഞ പരാജയമാണെന്ന് ഖാലിബാഫ് വ്യക്തമാക്കി. ഭീഷണികളും വ്യാജ വാർത്തകളും രാഷ്ട്രീയ ആയുധമാക്കുന്ന രീതി ഒരിക്കലും വിജയിക്കില്ലെന്നും, യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാൻ യു.എസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനുമായി ചേർന്ന് ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരികയാണെന്ന് ഇറാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിർണ്ണായക വ്യാപാര പാതയായ ഹുർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ചും കരാറുകളുടെ അന്തിമ രൂപം നൽകുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.
പേർഷ്യൻ കടലിലേക്ക് കപ്പലുകളുടെ സഞ്ചാരം പൂർണമായി ഇറാൻ നിയന്ത്രണത്തിലാക്കുംവിധമാണ് പുതിയ ധാരണയെന്നാണ് സൂചന. താൽക്കാലികമായിരിക്കും പുതിയ പാതയെന്നും രണ്ടു മുതൽ നാലു വരെ മാസം ഈ പാത കപ്പലുകൾക്കായി തുറന്നിടുമെന്നും ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. അതിനിടെ, ചരക്കുകടത്തിന് ഇറാൻ തുക ഈടാക്കുമെന്ന പ്രഖ്യാപനവും തുടരുകയാണ്. കപ്പലിലെ ചരക്കിന്റെ അഞ്ചു മുതൽ ഏഴു ശതമാനം വരെ ഫീസ് നൽകണമെന്നാണ് ഇറാൻ ആവശ്യമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്നു ശതമാനം വരെ ആകാമെന്ന് ഒമാനും പറയുന്നു. എന്നാൽ, തീരെ വാങ്ങരുതെന്നാണ് അമേരിക്കയുടെ ആവശ്യം. തുക ഈടാക്കുന്നതിനെതിരെ മുൻനിര ഷിപ്പിങ് കമ്പനി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. വിഷയത്തിൽ യു.എൻ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
യു.എസും ഇസ്രായേലും ഫെബ്രുവരി 28-ന് ആക്രമണം ആരംഭിച്ചതിനെ തുടർന്ന് ഇറാൻ ഈ കടലിടുക്ക് അടച്ചുപൂട്ടുകയായിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സുരക്ഷക്കായി ഏത് ഭീഷണിയെയും നേരിടാൻ തയാറാണെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

