Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാർപാപ്പയെ...

മാർപാപ്പയെ അപമാനിക്കുന്നത് യേശുക്രിസ്തുവിനെ അവഹേളിക്കുന്നതിന് തുല്യം -മസൂദ് പെസെഷ്കിയാൻ

text_fields
bookmark_border
Massoud Pesheshkian, Pope Leo XIV, Donald Trump
cancel
camera_alt

മസൂദ് പെസെഷ്കിയാൻ, ലിയോ പതിനാലാമൻ മാർപാപ്പ, ഡൊണൾഡ് ട്രംപ്

തെഹ്‌റാൻ: ലിയോ പതിനാലാമൻ മാർപാപ്പയെ അപമാനിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വിവാദ പരാമർശങ്ങളെ ശക്തമായി അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. മാർപാപ്പയെ അധിക്ഷേപിക്കുന്നത് സമാധാനത്തിന്റെ പ്രവാചകനായി ആദരിക്കുന്ന യേശുക്രിസ്തുവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയാണ് പെസെഷ്‌കിയാൻ തന്റെ പ്രതിഷേധം അറിയിച്ചത്.

'ലിയോ പതിനാലാമൻ മാർപാപ്പയെ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അപമാനിച്ചതിനെതിരെ ഇറാന്റെ മഹത്തായ ജനതക്ക് വേണ്ടി ഞാൻ ശക്തമായി അപലപിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനായ യേശുവിനെ നിന്ദിക്കുന്നത് സ്വതന്ത്ര ചിന്താഗതിയുള്ള ഒരു വ്യക്തിക്കും അംഗീകരിക്കാനാവില്ല' -മസൂദ് പെസെഷ്കിയാൻ പറഞ്ഞു.

അമേരിക്കൻ വംശജനായ ആദ്യത്തെ മാർപാപ്പയാണ് ലിയോ പതിനാലാമൻ. പശ്ചിമേഷ്യയിലെ സമാധാനത്തിന് വേണ്ടി മാർപാപ്പ തുടർച്ചയായി ശബ്ദമുയർത്തുന്നതും യു.എസ്-ഇറാൻ സംഘർഷങ്ങളിൽ അമേരിക്കയുടെ നിലപാടിനെ വിമർശിച്ചതുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. മാർപാപ്പ കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയമാണെന്നും വിദേശനയങ്ങളിൽ അനഭിലഷണീയമായി ഇടപെടുന്നുവെന്നും ട്രംപ് പരിഹസിച്ചിരുന്നു. കൂടാതെ, ട്രംപ് തന്നെ ഒരു മിശിഹാ രൂപത്തിൽ ചിത്രീകരിക്കുന്ന എ.ഐ നിർമിത ചിത്രം പങ്കുവെച്ചതും വലിയ വിവാദമായിരുന്നു.

അതേസമയം, ട്രംപ് ഭരണകൂടത്തെയോ സുവിശേഷ സത്യങ്ങൾ തുറന്നു പറയുന്നതിനെയോ താൻ ഭയപ്പെടുന്നില്ലെന്ന് മാർപ്പാപ്പ ട്രംപിന് മറുപടി നൽകി. യുദ്ധത്തിന് ദൈവത്തിന്റെ പിന്തുണയുണ്ടെന്ന ട്രംപിന്റെയും ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും പ്രസ്താവനകളെ മാർപ്പാപ്പ തള്ളിക്കളഞ്ഞു. യേശുക്രിസ്തു സമാധാനത്തിന്റെ രാജാവാണെന്നും യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും ദൈവത്തെ ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 മെയ് മാസത്തിൽ തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ മാർപാപ്പ, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഒരു മുസ്‌ലിം രാഷ്ട്രത്തലവൻ കത്തോലിക്കാ സഭയുടെ തലവനെ പിന്തുണച്ച് ട്രംപിനെതിരെ രംഗത്തുവന്നത് ആഗോളതലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran presidentDonald TrumpMasoud PezeshkianPope Leo XIV
News Summary - Iran slams Trump for insulting Pope President Pesekhiyan says it's like insulting Jesus Christ
Next Story