Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുദ്ധ ഭീതിക്കിടെ...

യുദ്ധ ഭീതിക്കിടെ യു.എസിനു മുന്നിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; കൈമാറിയത് പാകിസ്താൻ വഴി

text_fields
bookmark_border
US Iran War
cancel

തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി കനക്കുന്നതിനിടെ ചർച്ചകൾക്കായി യു.എസിന് പുതിയ നിർദേശങ്ങൾ കൈമാറി ഇറാൻ. ചർച്ചകൾക്കു മധ്യസ്ഥം വഹിച്ചിരുന്ന പാകിസ്താൻ പ്രതിനിധികൾ വഴിയാണ് നിർദേശങ്ങൾ കൈമാറിയതെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. ഹുർമുസ് നാവിക ഉപരോധത്തെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലായിരുന്നു.

ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള യു.എസിന്‍റെ നാവിക ഉപരോധം പിൻവലിക്കാതെ ഇനി ഒരുതരത്തിലുമുള്ള ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് മധ്യസ്ഥ ശ്രമങ്ങൾ വഴിമുട്ടിയത്. സമാധാന കരാറിന് തയാറാകാത്ത ഇറാനെതിരെ അമേരിക്ക പുതിയ ആക്രമണത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത് മേഖലയിൽ വീണ്ടും യുദ്ധഭീതി സൃഷ്ടിച്ചിരുന്നു. അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ ഗൾഫ് മേഖലയിലുടനീളമുള്ള യു.എസ് കേന്ദ്രങ്ങളിൽ ദീർഘവും വേദനാജനകവുമായ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാനുംം ഭീഷണി മുഴക്കി. അതേസമയം, ഇറാന്‍റെ പുതിയ നിർദേശങ്ങളോട് യു.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ യു.എസിനു മുന്നിൽ വെച്ച നിർദേശങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ആഗോള എണ്ണ വിതരണത്തിന്‍റെ 20 ശതമാനവും നടക്കുന്ന ഹുർമുസ് കടലിടുക്ക് അനിശ്ചിതമായി അടഞ്ഞുകിടക്കുന്നതോടെ എണ്ണവില ബാരലിന് 125 ഡോളറിലെത്തി. ഏപ്രിൽ 8 മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, യു.എസ് നാവിക ഉപരോധം തുടരുന്നതിനാൽ ഇറാൻ ഹുർമുസ് തുറന്നുകൊടുക്കാൻ തയാറായിട്ടില്ല.

യു.എസുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മുഹ്സിനി പ്രതികരിച്ചു. "യുദ്ധത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ല, പക്ഷേ ഞങ്ങൾ അതിനെ ഭയപ്പെടുന്നില്ല," അദ്ദേഹം പറഞ്ഞതായി ഐ.ആർ.ഐ.ബി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. "നമ്മുടെ അന്തസ്സിന് ഭീഷണിയുണ്ടായാൽ, നമ്മുടെ അന്തസ്സിനായി നാം പോരാടും, ഇതാണ് നമ്മുടെ രാജ്യത്തിന്റെ ഉറച്ച നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ യുദ്ധത്തിലെ അടുത്ത നടപടി സംബന്ധിച്ച് യു.എസ് സൈന്യം പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് എണ്ണ വില കുത്തനെ ഉയർന്നത്. യുക്രെയ്നെതിരെ റഷ്യ യുദ്ധം തുടങ്ങിയ 2022നുശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അസംസ്കൃത എണ്ണ വില ബാരലിന് 70 ഡോളറായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Attack on IranUS Iran War
News Summary - Iran sends proposal for negotiations with US to mediator Pakistan
Next Story