Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകടുപ്പിച്ച് ഇറാൻ,...

കടുപ്പിച്ച് ഇറാൻ, ഹുർമുസ് കടക്കാൻ ശ്രമിച്ച രണ്ടു കപ്പലുകൾ പിടിച്ചെടുത്തു, ഗുജറാത്തിലേക്കുള്ള കപ്പലും

text_fields
bookmark_border
Strait of Hormuz
cancel

തെഹ്റാൻ: യു.എസ്-ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി കനക്കുന്നു. അനുമതിയില്ലാതെ ഹുർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ടു കപ്പലുകൾ ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) പിടിച്ചെടുത്തു.

ഹുർമുസിന്‍റെ സുരക്ഷ അപകടത്തിലാക്കുകയും നാവിഗേഷൻ സംവിധാനത്തിൽ കൃത്രിമം കാണിക്കുകയും ചെയ്തതിനാണ് കപ്പലുകൾ പിടിച്ചെടുത്തതെന്ന് ഐ.ആർ.ജി.സിയെ ഉദ്ധരിച്ച് തസ്നീം വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലുമായി ബന്ധമുള്ള പനാമയുടെ പതാകയേന്തിയ എം.എസ്.സി-ഫ്രാൻസിസ്ക, ലൈബീരിയൻ പതാകയുള്ള എപ്പാമിനോഡസ് എന്നീ ചരക്കു കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തത്. ഇതിൽ എപ്പാമിനോഡസ് ദുബൈയിലെ ജബെൽ അലിയിൽനിന്ന് ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് വരുന്നതാണ്. മുന്നറിയിപ്പ് മറികടന്ന് ഹുർമുസിന്‍റെ സുരക്ഷയും ക്രമസമാധാനവും തടസ്സപ്പെടുത്തുന്ന കപ്പലുകൾക്കുനേരെ കടുത്ത നടപടിയുണ്ടാകുമെന്നും ഹുർമുസിലൂടെയുള്ള യാത്ര തങ്ങളുടെ അനുമതിയോടെ ആയിരിക്കണമെന്നും ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി.

കപ്പലുകൾ രഹസ്യമായി ഹുർമുസ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഐ.ആർ.ജി.സി നാവിക സേന ഇവയെ പിടികൂടിയത്. ഹുർമുസ് വഴിയുള്ള യാത്രക്ക് ഇറാൻ പ്രഖ്യാപിച്ച ചട്ടങ്ങൾ ലംഘിക്കാനുള്ള ഏതൊരു നീക്കത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. നേരത്തെ, മൂന്നു കണ്ടെയ്നർ കപ്പലുകൾക്കുനേരെ ഹുർമുസിൽ ഇറാൻ വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു. അതേസമയം, പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് മേഖലയിലെ സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും ഇറാൻ അംബാസഡറുമായി ചർച്ച ചെയ്തു.

സമാധാന ചർച്ച പരാജയപ്പെട്ടെങ്കിലും ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത് ആശ്വാസം നൽകുന്നതാണ്. സമാധാന ചർച്ചകൾക്കായി ഇനി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വെടിനിർത്തൽ നീട്ടാൻ പാകിസ്താൻ നേതാക്കൾ തന്നോട് അഭ്യർഥിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. നാവിക ഉപരോധം യു.എസ് പിൻവലിക്കുകയാണെങ്കിൽ ചർച്ചക്ക് ഇറാൻ തയാറാണെന്ന് യു.എന്നിലെ ഇറാൻ പ്രതിനിധി അമീർ സെയിദ് ഇറാവനി അറിയിച്ചു. ഉപരോധം പിൻവലിക്കുന്നപക്ഷം ഇസ്ലാമാബാദിൽ അടുത്തഘട്ട ചർച്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തഘട്ട ചർച്ചകൾക്കു മുമ്പായി അമേരിക്ക വെടിനിർത്തൽ കരാർ ലംഘിക്കുന്നത് അവസാനിപ്പിക്കണം. ഇറാൻ ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറാണ്. അവർ ഒരു രാഷ്ട്രീയ പരിഹാരമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ അതിന് തയാറാണ്. അതല്ല, യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇറാൻ അതിനും തയാറാണ് -അമീർ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Strait of HormuzDonald TrumpUS Attack on Iran
News Summary - Iran seizes two vessels for 'maritime violations', says media
Next Story