Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാമ്പത്തിക...

സാമ്പത്തിക ഉപരോധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

text_fields
bookmark_border
സാമ്പത്തിക ഉപരോധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ
cancel

തെഹ്‌റാൻ: അമേരിക്കയുടെ പുതിയ ഉപരോധങ്ങൾക്കും യു.എസ്-ഇസ്രായേൽ കൂട്ടുകെട്ടിന്റെ ‘ഗൂഢാലോചനകൾക്കുമെതിരെ’ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് ഇറാൻ സർക്കാർ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചടി നേരിടുന്നുണ്ടെന്ന് ഉന്നത നേതാക്കൾ പരസ്യമായി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധവും നയതന്ത്രവും സമന്വയിപ്പിച്ച് മുന്നോട്ടുപോകുമെന്ന ഇറാനിന്റെ പ്രഖ്യാപനം.

നയതന്ത്രവും പ്രതിരോധവും പരസ്പരപൂരകവും ഏകോപിപ്പിച്ചതും വേർപിരിക്കാനാവാത്തതുമായ മാർഗങ്ങളാണെന്ന് ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കി. പണപ്പെരുപ്പം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കുക, യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നിവയിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇറാനെ സാമ്പത്തികമായി പൂർണ്ണമായി തളർത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ നീക്കത്തിന് ഒപ്പം നിൽക്കാത്ത രാജ്യങ്ങൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ആണവ കരാറിൽ നിന്ന് അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതിന് ശേഷം ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ തുടർച്ചയായാണ് പുതിയ നടപടികൾ.

ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കണമെന്ന് മറ്റു രാജ്യങ്ങൾക്ക് വാഷിങ്ടൺ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ പ്രധാന വ്യാപാര പങ്കാളികളായ ചൈന, ഇന്ത്യ എന്നിവർക്കെതിരെ ഉപരോധം ചുമത്തുന്നതിൽനിന്ന് യു.എസ് ട്രഷറി തൽക്കാലം പിന്മാറി. അതേസമയം, ഇറാനുമായി സഹകരിച്ചതിന് ഈജിപ്തിലെ ‘ബാങ്ക് മിസ്റി’ന് യു.എസ് ഉപരോധമേർപ്പെടുത്തി. യു.എ.ഇയിലെ ബാങ്ക് ശാഖകളുടെ ഡോളർ ഇടപാടുകൾ തടയുന്ന നിയന്ത്രണമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനും ബാങ്ക് മല്ലിയുമായി ബന്ധമുള്ള വ്യക്തിക്കും വെള്ളിയാഴ്ച യു.എസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

യുദ്ധവും പുതിയ ഉപരോധങ്ങളും ഇറാൻ സമ്പദ്‌വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ വാർഷിക പണപ്പെരുപ്പം 66 ശതമാനത്തിലെത്തി. ഫെബ്രുവരി 28ലെ ആക്രമണത്തിൽ പരിക്കേറ്റ ശേഷം പരസ്യമായി പ്രത്യക്ഷപ്പെടാത്ത പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും തൊഴില്ലായ്മയും പരിഹരിക്കാൻ സർക്കാറിനോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഉപരോധങ്ങൾ രാജ്യത്തെ ബാധിക്കുന്നുണ്ടെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനും സമ്മതിച്ചു. ‘നമ്മൾ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, ഈ അവസ്ഥ ഉൾക്കൊള്ളാൻ നാം തയ്യാറാകണം’ അദ്ദേഹം പറഞ്ഞു. യു.എസ് ഉപരോധവും ഉപരോധ നടപടികളും കാരണം ഇറാനിന്റെ കയറ്റുമതിയിലും ഇറക്കുമതിയിലും 25 മുതൽ 35 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.

വ്യാപാരത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിനായി രാജ്യത്ത് ഇന്ധനവില വർധിപ്പിക്കേണ്ടി വരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായ ഇറാനിൽ, വർഷങ്ങളായി നൽകിവരുന്ന സബ്‌സിഡികളിൽ മാറ്റം വരുത്തുന്നത് രാഷ്ട്രീയമായി ഏറെ സംവേദനക്ഷമതയുള്ള വിഷയമാണ്.സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും, അമേരിക്കൻ ഉപരോധങ്ങൾ കൊണ്ട് ലക്ഷ്യം കാണാനാവില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഇറാൻ ഭരണകൂടം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelinflationiran sanctionsIran US
News Summary - Iran says won't bow to sanctions
Next Story