അമേരിക്ക ‘യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യം’; ഇനി ലോകത്തിനുമേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാനാകില്ലെന്നും ഇറാൻ
text_fieldsഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി
തെഹ്റാൻ: അമേരിക്ക ‘യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യ’മാണെന്നും ഇനി ലോകത്തിനുമേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാനാകില്ലെന്നും ഇറാൻ. ലോകം മാറിയെന്നും 1940കളിലെ ഇറാനല്ല ഇന്നത്തേതെന്നും ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയും ഇസ്രായേലും പരാജയപ്പെട്ടതോടെ ആഗോള ക്രമത്തിൽ തന്നെ മാറ്റം വന്നിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 1943ലെ തെഹ്‌റാൻ സമ്മേളനത്തിലും 1945ലെ യാൽറ്റ സമ്മേളനത്തിലും ഉണ്ടായിരുന്ന ഇറാനല്ല 2026ലേതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. “2026ലെ അമേരിക്ക വിജയിച്ച രാജ്യമല്ല; യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യമാണ്. ലോകം മാറിയിരിക്കുന്നു. പഴയ ചിത്രങ്ങൾക്കൊണ്ട് നിലവിലെ ലോകക്രമത്തെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോകാനാവില്ല” -റെസായി വ്യക്തമാക്കി.
അതേസമയം, മിനാബിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിലും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിലും അമേരിക്കക്കും ഏതാനും യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചതായി ഇറാൻ അറിയിച്ചു. നിയമകാര്യങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് മജീദ് അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുകളിൽ അധികാരപരിധി അംഗീകരിച്ച കോടതികളിലാണ് നിയമനടപടികൾ ആരംഭിച്ചതെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ അദ്ദേഹത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസുകൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില കേസുകൾ ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28ന് മിനാബിലെ സ്കൂളിന് നേരെയുണ്ടായ രണ്ട് വ്യോമാക്രമണങ്ങളിൽ 120 കുട്ടികളുൾപ്പെടെ 178ലധികം പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടേത് യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള മനുഷ്യാവകാശ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന് തുടക്കമിട്ടതും ഫെബ്രുവരി 28നായിരുന്നു.
പൊലിഞ്ഞത് 623 കുട്ടികളുടെ ജീവൻ
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ഇതുവരെ 623 കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാൻ വൈസ് പ്രസിഡന്റ് സഹ്‌റ ബെഹ്‌റൂസ് അസർ അറിയിച്ചു. നിരവധി കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വനിതാ-കുടുംബകാര്യങ്ങളുടെ ചുമതലയുള്ള ബെഹ്‌റൂസ് അസർ.
തെക്കൻ നഗരമായ മിനാബിലെ രണ്ട് സ്കൂളുകളിലെ വിദ്യാർഥികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. “നമ്മുടെ കുട്ടികൾക്ക് സംഭവിച്ചത് അതീവ വേദനാജനകമാണ്” -ഇറാന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. അതിജീവിച്ച നിരവധി കുട്ടികൾക്ക് അംഗവൈകല്യം, അസ്ഥികൾ പൊട്ടൽ, ഗുരുതരമായ പൊള്ളലുകൾ തുടങ്ങി ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. പരിക്കേറ്റ കുട്ടികളുടെ ദുരിതങ്ങൾ വലിയ തോതിൽ പുറംലോകം അറിയാതെ പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

