ഇസ്രായേൽ വെടിനിർത്തൽ പാലിക്കുമോ എന്നതിൽ കടുത്ത സംശയമുണ്ടെന്ന് ഇറാൻ
text_fieldsഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ സൈനിക കമാൻഡർമാരുടെയും ശാസ്ത്രജ്ഞരുടെയും
സംസ്കാര ചടങ്ങിൽനിന്നും
തെഹ്റാൻ: ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ഗൗരവമേറിയ സംശയം പ്രകടിപ്പിച്ച് ഇറാൻ. ഈ മാസം ആദ്യം 12ദിവസത്തെ യുദ്ധം അവസാനിപ്പിച്ച വെടിനിർത്തൽ ഇസ്രായേൽ പാലിക്കുമെന്ന് തങ്ങൾക്ക് ബോധ്യമില്ലെന്ന് ഇറാന്റെ സായുധ സേനാ മേധാവി അബ്ദുൾറഹീം മൗസവി പറഞ്ഞു. നിരവധി രാഷ്ട്രീയ പ്രവർത്തകരെ തടവിലാക്കിയ തെഹ്‌റാനിലെ എവിൻ ജയിലിൽ തിങ്കളാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 71 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ജുഡീഷ്യറി പുറത്തുവിട്ടതിന് പിന്നാലെയാണ് സേനാ മേധാവിയുടെ പരാമർശങ്ങൾ.
‘യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല. എന്നാൽ, ആക്രമണകാരിക്കെതിരിൽ ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ചു. ശത്രുവിന്റെ വെടിനിർത്തൽ ഉൾപ്പെടെയുള്ള പ്രതിബദ്ധതകൾ പാലിക്കുന്നതിൽ ഞങ്ങൾക്ക് ഗുരുതരമായ സംശയങ്ങളുള്ളതിനാൽ ഞങ്ങൾ ശക്തമായി പ്രതികരിക്കാൻ ഇനിയും തയ്യാറാണെന്ന് മൗസവി പറഞ്ഞതായി സ്റ്റേറ്റ് ടിവി ഉദ്ധരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഡോണൾഡ് ട്രംപ് തിടുക്കത്തിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ആറു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
12 ദിന യുദ്ധത്തിന്റെ ഉത്തരവാദികൾ ഇസ്രായേലും യു.എസും തന്നെയാണെന്ന് ഐക്യരാഷ്ട്രസഭ അംഗീകരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ ഇറാൻ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള അവരുടെ തുടർന്നുള്ള ഉത്തരവാദിത്തവും അംഗീകരിക്കണമെന്ന് ഔദ്യോഗികമായി അഭ്യർഥിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി, അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിൽ എഴുതി. എന്നാൽ, ഇസ്രായേലിൽ നിന്നോ യു.എസിൽ നിന്നോ ഇതുവരെ ഇതിന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
ജൂൺ 13 മുതൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, ഉന്നത സൈനിക ഉദ്യോഗസ്ഥർ, ആണവ ശാസ്ത്രജ്ഞർ എന്നിവരെ ലക്ഷ്യമിട്ട് ഇസ്രായേൽ നിരന്തരം ആക്രമണം നടത്തി. നിരവധി സിവിലിയന്മാർ ഉൾപ്പെടെ 627 പേരെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

