തെഹ്റാൻ: ഇറാനിൽ റെവലൂഷനറി ഗാർഡിലെ പ്രമുഖൻ കൊല്ലപ്പെട്ടു. കേണൽ ഹസൻ സയാദ് ഖുദായാരിയാണ് തലസ്ഥാന നഗരമായ തെഹ്റാനിലെ സ്വവസതിക്കു പുറത്ത് കാറിൽ ഇരിക്കവെ മോട്ടോർ ബൈക്കിലെത്തിയ അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റു മരിച്ചത്.
അഞ്ചുതവണ തുടർച്ചയായി വെടിയുതിർത്താണ് കൊല നടത്തിയത്. സിറിയയിലും ഇറാഖിലുമുൾപ്പെടെ ഇറാന്റെ സൈനിക നീക്കങ്ങളെ നിയന്ത്രിച്ച പ്രമുഖനാണ് ഖുദായാരി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെടിവെപ്പ് കഴിഞ്ഞയുടൻ കടന്നുകളഞ്ഞ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.