Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്റെ കടുത്ത പ്രഹരം;...

ഇറാന്റെ കടുത്ത പ്രഹരം; ഇസ്രായേലിന്റെ ‘പെന്റഗൺ’ ആയ പ്രതിരോധ ആസ്ഥാനം ആക്രമിച്ചു

text_fields
bookmark_border
ഇറാന്റെ കടുത്ത പ്രഹരം; ഇസ്രായേലിന്റെ ‘പെന്റഗൺ’ ആയ പ്രതിരോധ ആസ്ഥാനം ആക്രമിച്ചു
cancel

ടെൽ അവീവ്: ഇസ്രായേലിന്റെ ആക്രമണത്തോടുള്ള പ്രതികാരമായി ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ആസ്ഥാനത്തിനുനേരെ മിസൈലുകൾ അയച്ച് ഇറാന്റെ കനത്ത പ്രഹരം. ഇസ്രായേലിന്റെ പെന്റഗൺ എന്നറിയപ്പെടുന്ന ‘കിരിയ’യിൽ ഇറാൻ നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യൻ സംഘർഷം പുതിയ വഴിത്തിരിവിലേക്കു കടക്കുകയാണ്.

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിന്റെ പ്രധാന സൈനിക ആസ്ഥാനമായ സെൻട്രൽ ടെൽ അവീവിലെ ‘കിരിയ’ കോമ്പൗണ്ടിനെ ഇറാൻ പ്രത്യേകമായി ലക്ഷ്യമിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃത്യമായ ആക്രമണങ്ങളിലൂടെ ഐ.ഡി.എഫ് ഇറാ​ന്റെ ഉന്നത സൈനിക നേതൃത്വത്തെ തുടച്ചുനീക്കിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് പ്രത്യാക്രമണം.

ഈ കോമ്പൗണ്ടിലെ ഒരു കെട്ടിടം ആക്രമിക്കപ്പെട്ടതായി ഫോക്സ് ന്യൂസ് ലേഖകൻ ട്രേ യിങ്സ്റ്റ് വെളിപ്പെടുത്തി. ഇത് പെന്റഗണിന്റെ ഇസ്രായേൽ പതിപ്പായ ‘കിരിയ’ ആണെന്നും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നും ഈ കോമ്പൗണ്ടിലെ ഒരു കെട്ടിടം അതിൽ ഉൾപ്പെട്ടുവെന്നും ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ യിങ്സ്റ്റ് പറഞ്ഞു.

ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേൽ സൈന്യം ഒരു പത്രസമ്മേളനം നിർത്തിവെച്ചു. ഇസ്രായേലി സൈനിക വക്താവ് എഫി ഡെഫ്രിൻ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കവെ കിരിയ ‘പ്രതിരോധ സ്റ്റാൻഡ്‌ബൈ’യിലേക്ക് പോകുകയാണെന്ന് ഉച്ചഭാഷിണിയിൽ മുന്നറിയിപ്പ് മുഴങ്ങി. തുടർന്ന് പത്ര സമ്മേളനം റദ്ദാക്കി.

ഇറാനിയൻ ആണവ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വൻതോതിലുള്ള ഇസ്രായേലി വ്യോമാക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികരണമായിരുന്നു കിരിയയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം.

ഇസ്രായേലിന്റെ ആക്രമണങ്ങൾ ‘ഒരു യുദ്ധത്തിന് തുടക്കമിട്ടു’വെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇ പ്രഖ്യാപിക്കുകയും പ്രതികാരം വിനാശകരമായിരിക്കുമെന്ന് അ​ദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.

തുടർന്ന്, ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡുകൾ ഒന്നിലധികം ആവൃത്തികളിലായി നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ചിലത് ​അയൺ ഡോമുകളെയും കടത്തിവെട്ടി ഇസ്രായേൽ പ്രദേശത്തേക്ക് ആഴത്തിലെത്തി. ​

ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ച ദൃശ്യങ്ങൾ അനുസരിച്ച് കിരിയ കോമ്പൗണ്ടിനുള്ളിലെ മാർഗനിറ്റ് ടവറിന് സമീപം കുറഞ്ഞത് ഒരു മിസൈലെങ്കിലും പതിച്ചു. നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ് റിപ്പോർട്ട്. സമീപ സിവിലിയൻ പ്രദേശങ്ങളിൽ നാശനഷ്ടങ്ങളും പരിക്കുകളും സംഭവിച്ചു.

എന്താണ് കിരിയ?

ഇസ്രായേലിന്റെ ‘പെന്റഗൺ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിരിയ കോമ്പൗണ്ട് ടെൽ അവീവിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഹകിരിയ എന്നും ഇതറിയപ്പെടുന്നു. ഐ.ഡി.എഫ് ജനറൽ സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം, പ്രധാന സൈനിക കമാൻഡ്, ഇന്റലിജൻസ് സൗകര്യങ്ങൾ എന്നിവയെ ഇത് ഉൾക്കൊള്ളുന്നു. 1948 മുതൽ ഐ.ഡി.എഫിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹകിരിയയിൽ മുൻ ഇസ്രായേൽ പ്രധാനമന്ത്രി യിത്സാക്ക് റാബിന്റെ പേരിലുള്ള ഒരു പ്രധാന ഐ.ഡി.എഫ് താവളമായ ക്യാമ്പ് റാബിനും ഉണ്ട്.

സൈനിക ആസൂത്രണം, രഹസ്യവിവര ശേഖരണം, കമാൻഡ് പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്ന മാർഗനിറ്റ്, മാറ്റ്കാൽ ടവറുകൾ പോലുള്ള സുപ്രധാന കെട്ടിടങ്ങൾ സൈനിക കോമ്പൗണ്ടിൽ ഉൾപ്പെടുന്നു. ഇസ്രായേലിലെ ഏറ്റവും സെൻസിറ്റീവും കനത്ത സുരക്ഷയുമുള്ള സ്ഥലങ്ങളിലൊന്നാണ് കിരിയ. ദേശീയ സുരക്ഷയും സൈനിക ഏകോപനവുമായി ബന്ധപ്പെട്ട അതീവ ഗൗരവമേറിയ കേന്ദ്രമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeltel avivWorld NewsidfIran's attack on IsraelLatest NewsMiddle East News
News Summary - Iran rains missiles on Israel, hits its Defense Ministry headquarters in Tel Aviv in retaliatory strikes
Next Story