"ഒരേ സമയം സമാധാനവും ഉപരോധവും നടക്കില്ല"- അമേരിക്കയുടെ ഇരട്ടത്താപ്പിനെതിരെ ഇറാൻ പ്രസിഡന്റ്
text_fieldsതെഹ്‌റാൻ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ് നിലപാടിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഭീഷണികളും നാവിക ഉപരോധവുമാണ് സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാന ചർച്ചകളെ ഇറാൻ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ പെസെഷ്കിയാൻ, അമേരിക്കയുടെ ഇരട്ടത്താപ്പ് ലോകം കാണുന്നുണ്ടെന്നും എക്സിൽ കുറിച്ചു.
"ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എപ്പോഴും ചർച്ചകളെയും കരാറുകളെയും സ്വാഗതം ചെയ്തിട്ടുണ്ട്, അത് ഇപ്പോഴും തുടരുന്നു. കരാറുകൾ ലംഘിക്കുന്നതും, ഉപരോധങ്ങളും ഭീഷണികളുമാണ് യഥാർത്ഥ ചർച്ചകൾക്ക് തടസ്സമാകുന്നത്. നിങ്ങളുടെ അവസാനമില്ലാത്ത കപടഭാഷണങ്ങളും വാഗ്ദാനങ്ങളും പ്രവർത്തികളും തമ്മിലുള്ള വൈരുദ്ധ്യവും ലോകം കണ്ടുകൊണ്ടിരിക്കുകയാണ് " - മസൂദ് പെസെഷ്കിയാൻ എക്സിൽ കുറിച്ചു.
വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും ഇറാൻ ശക്തമായ മറുപടി നൽകി. ഉപരോധം തുടരുന്നിടത്തോളം കാലം തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. "ഉപരോധം തുടരുന്നത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണ്. ഈ സാഹചര്യത്തിൽ ഹുർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നത് സാധ്യമല്ല," ഖാലിബാഫ് പറഞ്ഞു. ഹുർമുസ് വഴി കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെ ഇറാൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.
പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്, സൈനിക മേധാവി അസിം മുനീർ എന്നിവരുടെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണം താത്കാലികമായി നിർത്തിവെച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും, സമാധാന ചർച്ചകൾക്കായി ഒരു ഏകീകൃത നിർദേശം മുന്നോട്ടുവെക്കാൻ ഇറാൻ നേതാക്കൾക്ക് കൂടുതൽ സമയം നൽകുകയാണെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ ഇറാൻ തുറമുഖങ്ങളിലെ ഉപരോധം തുടരാൻ സൈന്യത്തിന് കർശന നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ ചർച്ചയിലെ അനിശ്ചിതത്വം തുടരുന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും ഉയരുകയാണ്. ഫെബ്രുവരി 28-ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയത് മുതൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

