'ആണവായുധം നിർമിക്കുന്നത് മതപരമായി നിഷിദ്ധം; ഈ യുദ്ധം അമേരിക്കയുടെ ഏകപക്ഷീയ താല്പര്യം': മസൂദ് പെസെഷ്കിയാൻ
text_fieldsമസൂദ് പെസെഷ്കിയാൻ
ന്യൂയോർക്ക്: ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങൾ അന്താരാഷ്ട്ര പരിശോധനകൾക്കായി തുറന്നുകൊടുക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് കുറയ്ക്കാൻ ഇറാൻ തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം, കഴിഞ്ഞ ഏഴ് മാസമായി പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ യുദ്ധത്തിന് കാരണം അമേരിക്കയാണെന്നും നയതന്ത്ര ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് വാഷിംഗ്ടണാണെന്നും തുറന്നടിച്ചു. അമേരിക്കൻ വാർത്താ ചാനലായ 'ഫോക്സ് ന്യൂസിന്' നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കാൻ ഉദ്ദേശിക്കുന്നില്ല. കൂട്ടനശീകരണ ആയുധങ്ങൾ നിർമിക്കുന്നത് ഇസ്‌ലാമിക മതനിയമപ്രകാരം നിഷിദ്ധവും നിയമവിരുദ്ധവുമാണെന്ന് ഞങ്ങളുടെ ആദരണീയനായ പരമോന്നത നേതാവ് വ്യക്തമാക്കിയിട്ടുള്ളതാണ്,' പെസെഷ്കിയാൻ പറഞ്ഞു.
സാധാരണ സിവിലിയൻ ആവശ്യങ്ങൾക്കപ്പുറം ഇറാൻ യുറേനിയം ഉയർന്ന അളവിൽ സമ്പുഷ്ടീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിൽ ഇറാനെതിരെ വൻ സൈനിക നീക്കം ആരംഭിച്ചത്. എന്നാൽ ആണവ തർക്കങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി യുറേനിയം സമ്പുഷ്ടീകരണ തോത് നേർപ്പിക്കാനും ബാഹ്യ ഏജൻസികളുടെ പരിശോധനയ്ക്ക് വിധേയമാകാനും തങ്ങൾക്ക് യാതൊരു മടിയുമില്ലെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ ഡൊണാൾഡ് ട്രംപും താനും ചേർന്ന് ഒപ്പുവെച്ച ധാരണാപത്രം പരാജയപ്പെട്ടതിന് പിന്നിൽ യു.എസ് ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നിലപാടുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഞങ്ങൾ സമാധാനത്തിനായുള്ള കരാറിൽ ഒപ്പുവെച്ചതാണ്. ഹുർമുസ് കടലിടുക്ക് പോലും ഞങ്ങൾ അടച്ചിരുന്നില്ല. എന്നിട്ടും യാതൊരു നിയമസാധുതയുമില്ലാതെ അവർ ഞങ്ങളെ ആക്രമിച്ചു. ഞങ്ങളുടെ പരമോന്നത നേതാവിനെയും ശാസ്ത്രജ്ഞരെയും സൈനിക കമാൻഡർമാരെയും അവർ വധിച്ചു. ചർച്ചകൾക്ക് പകരം ആദ്യം ബോംബിടുകയും എല്ലാ നയതന്ത്ര വഴികളും കൊട്ടിയടയ്ക്കുകയുമാണ് അമേരിക്ക ചെയ്തത്,' പെസെഷ്കിയാൻ രൂക്ഷമായി വിമർശിച്ചു.
അമേരിക്കൻ പൗരന്മാരെ വധിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും ആക്രമിക്കപ്പെട്ടാൽ രാജ്യത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. യുഎസ് ഉപരോധങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും ജനങ്ങൾ ഈ കഷ്ടപ്പാടുകൾ അതിജീവിച്ച് പോരാടും. യുദ്ധം തുടരാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും ഇസ്രായേലിന്റെ പ്രകോപനങ്ങൾക്ക് പിന്നാലെ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു. ജോർഡനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ചൈനീസ് സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് വ്യക്തമായ വിവരമില്ലെന്നും സൈന്യങ്ങൾ തമ്മിലുള്ള കാര്യങ്ങൾ അവരുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി നടക്കുന്നതാണെന്നും പെസെഷ്കിയാൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

