'ഇവിടെ ഒരു എണ്ണക്കിണറും പൊട്ടിത്തെറിച്ചിട്ടില്ല'; അമേരിക്കൻ ഉപരോധത്തെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ
text_fieldsതെഹ്‌റാൻ: ഇറാനിയൻ എണ്ണ കയറ്റുമതി തടയാൻ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്. ഉപരോധം ഏർപ്പെടുത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും ഇറാന്റെ എണ്ണക്കിണറുകൾക്കൊന്നും ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. എക്സിലൂടെയാണ് ഖാലിബാഫ് അമേരിക്കക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
"മൂന്ന് ദിവസം പിന്നിട്ടു, ഇതുവരെ ഒരു എണ്ണക്കിണറും പൊട്ടിത്തെറിച്ചിട്ടില്ല. വേണമെങ്കിൽ നമുക്കിത് 30 ദിവസത്തേക്ക് കൂടി നീട്ടാം, ഇവിടുത്തെ എണ്ണക്കിണറുകളുടെ ദൃശ്യങ്ങൾ തത്സമയം കാണിക്കുകയും ചെയ്യാം. ബെസെന്റിനെപ്പോലെയുള്ള ആളുകളിൽ നിന്ന് അമേരിക്കൻ ഭരണകൂടത്തിന് ലഭിക്കുന്ന തരംകെട്ട ഉപദേശങ്ങളുടെ ഫലമാണിത്. ഇത്തരക്കാരാണ് എണ്ണ ഉപരോധമെന്ന വാദമുയർത്തി വില 120 ഡോളറിന് മുകളിലെത്തിച്ചത്. അടുത്ത ലക്ഷ്യം 140 ഡോളറാണ്. പ്രശ്നം സിദ്ധാന്തങ്ങളിലല്ല, മറിച്ച് അവരുടെ മനോഭാവത്തിലാണ്"- ഖാലിബാഫ് കുറിച്ചു.
എണ്ണ പുറത്തേക്ക് വിടാതെ തടഞ്ഞാൽ പൈപ്പ് ലൈനുകളിലെയും സംഭരണികളിലെയും മർദം വർധിച്ച് ഇറാന്റെ എണ്ണക്കിണറുകൾ തനിയെ പൊട്ടിത്തെറിക്കുമെന്നായിരുന്നു അമേരിക്കയുടെ കണക്കുകൂട്ടൽ. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഖാലിബാഫ് ചൂണ്ടിക്കാട്ടി. എണ്ണ ഉൽപ്പാദനം കുറച്ച് വരുമാനം നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയോ ചെയ്യുക എന്നതായിരുന്നു അമേരിക്കൻ ലക്ഷ്യം. അമേരിക്കയുടെ ഈ നീക്കം ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്തി നിൽക്കുകയാണ്.
അതേസമയം അമേരിക്കക്കും ഇസ്രായേലിനുമെതിരായ പോരാട്ടത്തിൽ അതിശക്തമായ പുതിയ ആയുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ നാവിക കമാൻഡർ റിയർ അഡ്മിറൽ ശഹ്‌റാം ഇറാനി രംഗത്തുവന്നു. ആഗോള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 20 ശതമാനം കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയിരിക്കുകയാണ്. മേഖലയിൽ ഇറാൻ കപ്പലുകൾ തടയുന്ന അമേരിക്കൻ നടപടി ‘കടൽക്കൊള്ള’യാണെന്നും സൊമാലിയൻ കടൽക്കൊള്ളക്കാരേക്കാൾ മോശമായാണ് അമേരിക്ക പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

