ഹിജാബ് വിരുദ്ധ പ്രതിഷേധ വിഡിയോ പ്രദർശിപ്പിച്ചു; ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ സന്ദർശനം റദ്ദാക്കി
text_fieldsന്യൂഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ ഇന്ത്യൻ സന്ദർശനം റദ്ദാക്കി. അടുത്തമാസമായിരുന്നു സന്ദർശനം തീരുമാനിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റെയ്സിന ഡയലോഗ് പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ഇറാൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം. ഇറാനിലെ സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വിഡിയോ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം.
പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഇറാൻ സംഘാടകരെ അറിയിച്ചു. സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വിഡിയോ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ചിത്രമുൾപ്പെടെ ചേർത്ത് പ്രചരിപ്പിച്ചതിൽ ഇറാൻ അതൃപ്തി അറിയിച്ചിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യാനായിരുന്നു ഇറാൻ സംഘാടകരോട് ആവശ്യപ്പെട്ടത്. എന്നാൽ അതിന് തയാറാവാത്തതിനാൽ സന്ദർശനം റദ്ദാക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി തീരുമാനിക്കുകയായിരുന്നു.
ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനു പിന്നാലെയാണ് ഇറാനിലെ സ്ത്രീകൾ മുടിമുറിച്ചും ശിരോവസ്ത്രം കത്തിച്ചും പ്രതിഷേധിച്ചത്. പ്രതിഷേധത്തെ ലോകരാഷ്ട്രങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ പ്രതികരിക്കാതെ അകലം പാലിക്കുകയായിരുന്നു.ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോഴും ഇന്ത്യ പങ്കെടുക്കാതെ വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

