Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിൽ...

ഇസ്രായേലിൽ അടിയന്തരാവസ്ഥ; ഇരുരാജ്യങ്ങളും വ്യോമപാത അടച്ചു

text_fields
bookmark_border
ഇസ്രായേലിൽ അടിയന്തരാവസ്ഥ; ഇരുരാജ്യങ്ങളും വ്യോമപാത അടച്ചു
cancel

തെൽഅവീവ്/ തെഹ്റാൻ: ഇറാനുനേരെ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമപാത അടച്ചു. ദേശീയ, അന്തർദേശീയ വിമാന സർവിസുകൾ പൂർണമായും നിർത്തിവെച്ചു. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

“ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അഭ്യർഥിക്കുന്നു. വ്യോമമേഖല വീണ്ടും തുറന്നാൽ വിമാന ഷെഡ്യൂളുകളെക്കുറിച്ച് മാധ്യമങ്ങളിലൂടെയും എയർലൈനുകൾ വഴിയും അറിയിക്കും’ -ഇസ്രായേൽ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്റെ മുഴുവൻ വ്യോമാതിർത്തിയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി മെഹർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വക്താവ് മാജിദ് അഖ്‍വാൻ പ്രഖ്യാപിച്ചു.

വിദേശത്തുള്ള ഇസ്രായേലികൾ ദേശീയ സുരക്ഷാ കൗൺസിലിന്റെ നിർദ്ദേശങ്ങളും ശുപാർശകളും പാലിക്കണമെന്ന് ഇസ്രായേൽ അറിയിപ്പിൽ പറഞ്ഞു. സുരക്ഷാ സാഹചര്യം അനുവദിക്കുന്ന മുറയ്ക്ക്, വ്യോമാതിർത്തി വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച അറിയിപ്പ് 24 മണിക്കൂർ മുമ്പ് നൽകുമെന്നും 24 മണിക്കൂർ മുമ്പ് അറിയിച്ചു.

മുൻകരുതലിന്‍റെ ഭാഗമായാണ് ഇറാനുനേരെ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറയുന്നത്. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ആയത്തുല്ല അലി ഖാംനഈ, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‍കിയാൻ, ആയുധ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രായേലിൽ അടിയന്തര സേവനം ഒഴികെ സ്കൂളുകളും ഓഫിസുകളും മറ്റു സേവനങ്ങളും താൽക്കാലികമായി അടച്ചു. ഇസ്രായേലിലുടനീളം അപായ മുന്നറിയിപ്പ് നൽകിയെങ്കിലും നിലവിൽ ഷെൽട്ടറുകളിലേക്ക് പോകേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധ ഭീഷണിക്കിടെയാണ് ഇസ്രായേലിന്‍റെ അപ്രതീക്ഷിത ആക്രമണം. അമേരിക്കയുമായി ആണവ നിർവ്യാപന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഏതാനും നാളുകളായി ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ട്രംപ് മണിക്കൂറുകൾക്ക് മുമ്പ് പ്രതികരിക്കുകയും ചെയ്തിരുന്നു.

മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കരാറിലെത്താൻ കൂടുതൽ സമയം അനുവദിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ജനീവയിൽ ഇറാൻ-യു.എസ് പ്രതിനിധികൾ നടത്തിയ ചർച്ചക്കു പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. അതേസമയം, ആണവ നിർവ്യാപന കരാറിന് സമ്മതിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി അദ്ദേഹം ആവർത്തിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണത്തിന് തങ്ങൾക്ക് അവകാശമുണ്ടെന്ന വാദത്തിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran Israel Tensions
News Summary - Israel closes airspace amid attack on Iran; all civilian flights canceled
Next Story