യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇറാൻ
text_fieldsതെഹ്‌റാൻ: മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങളുടെ ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണെന്ന് ഇറാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു. കുവൈത്തിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ‘വിനാശകരമായ ഡ്രോൺ’ ആക്രമണം നടത്തിയതായും ഇറാൻ സൈന്യം വെളിപ്പെടുത്തി. യു.എസ് പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ താവളങ്ങൾ, ബങ്കറുകൾ, സുരക്ഷാ ഷെൽട്ടറുകൾ എന്നിവയാണ് ആക്രമണത്തിൽ തകർത്തതെന്ന് ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും സാധാരണക്കാരുടെ ഇടങ്ങൾക്കും നേരെ യു.എസ് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്ന് സൈന്യം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശിക അഖണ്ഡതയും സംരക്ഷിക്കാൻ ഏത് സാഹചര്യത്തിലും ശക്തമായ തിരിച്ചടി നൽകുമെന്ന് സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.
നേരത്തെ, കുവൈത്തിലെ അലി സലേം, അഹമ്മദ് അൽ-ജാബർ എന്നീ വ്യോമതാവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടിരുന്നു.
ഇറാനിൽ യു.എസ്.ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് യു.എസ് സൈനിക താവളങ്ങൾക്ക് നേരെയുള്ള ഇറാന്റെ തിരിച്ചടി കനപ്പിച്ചത്. യുഎസ് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനിലെ ബന്ദർ അബ്ബാസ്, സിരിക്, ജാസ്ക് എന്നീ തുറമുഖ നഗരങ്ങളിലും ഖഷം ദ്വീപിലും സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഖഷം ദ്വീപിൽ 11 മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്താൻ പ്രവിശ്യയിലും യുഎസ് ആക്രമണം നടത്തി .ഖുസെസ്താനിലുടനീളം കുറഞ്ഞത് എട്ട് സ്ഥലങ്ങളെങ്കിലും യു.എസ് സൈന്യം ആക്രമണം നടത്തിയതായി പ്രവിശ്യാ ഗവർണർ വലിയൊയുല്ല ഹയാതി ഇസ്ന വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ 1.35 നും 2.20 നും ഇടയിൽ തുടർച്ചയായ ആക്രമണങ്ങൾ നടന്നു. മഹ്ഷഹറിലെ ഒരു കാർഷിക ജലസേചന പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിൽ ഒരു പ്രൊജക്റ്റൈൽ ഇടിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് പാകിസ്താനും ഖത്തറും. പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയും ഫോണിൽ വിളിച്ചു. നിലവിലെ ധാരണാപത്രം പൂർണമായും പാലിക്കാൻ ഇറാനും അമേരിക്കയും തയാറാകണമെന്നും പ്രകോപനം ഒഴിവാക്കണമെന്നും ശഹബാസ് ശരീഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

