ഗൾഫിൽ ആക്രമണം കടുപ്പിച്ച് ഇറാൻ; യു.എ.ഇയിൽ ഒരു മരണം
text_fieldsഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെ പ്രതിരോധം ശക്തമാക്കി യു.എ.ഇ. ബുധനാഴ്ച വ്യോമ പ്രതിരോധ സംവിധാനം അഞ്ചു ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ച ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ അൽ റിഫാ പ്രദേശത്തെ ഒരു ഫാമിൽ ഡ്രോൺ അവശിഷ്ടം വീണ് ബംഗ്ലാദേശ് സ്വദേശിക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഉമ്മുൽഖുവൈൻ എമിറേറ്റിലെ ഉമ്മുൽ ഥഊബ് ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം ഡ്രോൺ ചീളുകൾ പതിച്ച് ഒരു ഇന്ത്യൻ പ്രവാസിക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തോടെ യു.എ.ഇയിൽ പരിക്കേറ്റവരുടെ എണ്ണം കുറഞ്ഞത് 189 ആയി ഉയർന്നു.
ഖത്തർ എനർജിയുടെ എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം
ഖത്തറിന് നേരെ ബുധനാഴ്ച പുലർച്ചെ ഇറാന്റെ മിസൈൽ ആക്രമണം. ഇറാനിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ക്രൂസ് മിസൈലുകളാണ് ഖത്തറിനെ ലക്ഷ്യമിട്ട് എത്തിയത്. ഒരു മിസൈൽ ഖത്തറിന്റെ പ്രാദേശിക ജലാതിർത്തിയിലെ ഓയിൽ ടാങ്കറിൽ പതിച്ചു. ഖത്തർ എനർജിയുടെ എണ്ണ ടാങ്കറായ അക്വാ വൺ കപ്പലിലാണ് മിസൈൽ പതിച്ചത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ മറ്റ് പാരിസ്ഥിതിക ആഘാതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മറ്റു രണ്ട് മിസൈൽ ആക്രമണങ്ങളെ സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൗദി നാലു ഡ്രോണുകളും മിസൈലുകളും തകർത്തു
റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന വിജയകരമായി തകർത്തു. ബുധനാഴ്ച ഏതാനും മണിക്കൂറുകൾക്കുള്ളിൽ നാലു ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച എട്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി സൈന്യം തകർത്തിരുന്നു. ഇതിൽ ഏഴ് മിസൈലുകൾ റിയാദ് മേഖലയെ ലക്ഷ്യമിട്ടും ഒരെണ്ണം കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ടുമാണ് വന്നത്. ഇവയ്ക്ക് പുറമെ 12 ഡ്രോണുകളും ചൊവ്വാഴ്ച വിജയകരമായി വെടിവെച്ചിട്ടു.
കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോയിൽ വീണ്ടും ആക്രമണം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം. ബുധനാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ധന ടാങ്കുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ഇന്ധന സംഭരണ സ്ഥലത്ത് തീപിടിത്തമുണ്ടായതായും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എസി.എ) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിങ് കമ്പനിയുടെ ഇന്ധന ടാങ്കുകളിലാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും ഇത് പ്ലാന്റിനുള്ളിൽ വലിയ തീപിടുത്തത്തിന് കാരണമായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിരോധം തുടർന്ന് ബഹ്റൈൻ
24 മണിക്കൂറിനിടെ ബഹ്റൈനെ ലക്ഷ്യമാക്കി വന്നത് നിരവധി ആക്രമണങ്ങൾ. ബുധനാഴ്ച പുലർച്ചെ ഒന്നോടെ ആരംഭിച്ച ആക്രമണം രാവിലെ വരെ ഇടവിട്ട് തുടർന്നിരുന്നു. അതിൽ നാല് മിസൈലുകളും 19 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ (എൻ.സി.സി) അറിയിച്ചു. ആക്രമണത്തിൽ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് വിജയകരമായി അണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

