ആരാണ് ബാഖിർ ദുൽഖദ്ർ? ഇറാന്‍റെ പുതിയ സുരക്ഷാ മേധാവിയെക്കുറിച്ച് അറിയാം
text_fieldsതെഹ്റാൻ: രാജ്യത്തിന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ മേധാവിയായി മുൻ റെവല്യൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) കമാൻഡർ മുഹമ്മദ് ബാഖിർ ദുൽഖദ്റിനെ നിയമിച്ച് ഇറാൻ. കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരക്കാരനായി 72കാരനായ ദുൽഖദ്ർ നിയമിതനായതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. ഇസ്‍ലാമിക് റിപ്പബ്ലിക്കിലെ ശക്തനായ വ്യക്തിത്വമായിരുന്ന ലാരിജാനിയെ കഴിഞ്ഞയാഴ്ചയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്. ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി, ഇറാൻ ഭരണകൂടത്തിൽ വിവിധ ഉന്നത പദവികൾ വഹിച്ച സഈദ് ജലീലിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, രാജ്യത്തിന്റെ പ്രതിരോധ-ആണവ-വിദേശ നയ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് ഉത്തരവാദപ്പെട്ട ഇറാനിലെ ഏറ്റവും ശക്തമായ സ്ഥാപനങ്ങളിലൊന്നിന്റെ തലവനായി ബാഖിർ ദുൽഖദ്റിനെയാണ് നിയോഗിച്ചത്.
ഐ.ആർ.ജി.സിയുടെ മുൻ കമാൻഡറായിരുന്ന ദുൽഖദ്ർ, ബ്രിഗേഡിയർ ജനറൽ പദവിയിലെത്തിയശേഷം ഇറാന്റെ ‘എക്സ്പെഡിയൻസി കൗൺസിലി’ന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരുകയാണ്. 1980കളിൽ ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ വിദ്യാഭ്യാസ വിഭാഗത്തിന്റെ തലവനായിരുന്നു. 2007ൽ ഇറാന്റെ ‘ബാസിജ്’ യൂനിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫായി നിയമിതനായി. 2012ൽ, തന്ത്രപരമായ കാര്യങ്ങൾക്കായുള്ള ജുഡീഷ്യറിയുടെ ഡെപ്യൂട്ടി ചീഫ് ആയി.
1954ൽ, ഇറാനിലെ ഷിറാസിനടുത്തുള്ള ഫാസയിലാണ് ദുൽഖദ്ർ ജനിച്ചത്. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനുമുമ്പ് തെഹ്‌റാൻ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. ദുൽഖദ്റിന്റെ ഭാര്യ സിദ്ദീഖ ബീഗം ഹിജാസി, വനിതാ കുടുംബകാര്യ ഓഫിസിന്റെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരുമകൻ കാസിം ഖരീബ് അബാദി അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലും മറ്റ് ആഗോള സംഘടനകളിലും ഇറാനെ പ്രതിനിധാനംചെയ്ത വ്യക്തിത്വമാണ്.
ഇറാന്റെ കർശനമായ സുരക്ഷാ സമീപനത്തിലെ തുടർച്ചയെയാണ് ദുൽഖദ്റിന്റെ നിയമനം സൂചിപ്പിക്കുന്നത്. മേഖലയിൽ തുടരുന്ന സംഘർഷവും ലാരിജാനിയുടെ കൊലപാതകവും കൊണ്ടുവരാനിടയുള്ള അസ്ഥിരമായ സുരക്ഷാ അന്തരീക്ഷത്തെ മറികടക്കൽ കൂടി ഉൾപ്പെടുന്നതായിരിക്കും ദുൽഖദ്റിന്റെ ദൗത്യം.
അതേസമയം, യുദ്ധം രൂക്ഷമായി തടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ യു.എസുമായി മധ്യസ്ഥ ചർച്ചക്ക് തയാറായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയും യു.എസ് ഇടനിലക്കാരൻ സ്റ്റീവ് വിറ്റ്കോഫും തമ്മിലുള്ള ചർച്ചകളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇറാന്‍റെ ഉന്നതതല നേതൃത്വം ഈ നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. യുദ്ധം നയതന്ത്ര ഇടപെടലിലൂടെ അവസാനിപ്പിക്കുന്നതിനുള്ള പാത തുറന്നുവരുന്നതിന്‍റെ സൂചനയാണിതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി ചൊവ്വാഴ്ച രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തെൽ അവീവിൽ നാലുപേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾക്ക് വലിയ നാശമുണ്ടായി. യുദ്ധം തുടങ്ങിയതിന് ശേഷം ഇറാൻ ആക്രമണത്തിൽ 4829 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 111 പേർ ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

