ലബനാനിലെ ഇസ്രായേൽ ആക്രമണം: യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ
text_fieldsതെഹ്‌റാൻ: ലബനാനിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ താൽക്കാലികമായി നിർത്തിവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദുർബലമായ വെടിനിർത്തൽ ധാരണയെ ഈ തീരുമാനം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.
ഇറാൻ വാർത്ത ഏജൻസിയായ ‘തസ്നിം’ ആണ് ഇത് സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. മേഖലയിലെ ഇറാൻ അനുകൂല സഖ്യകക്ഷികളുടെ താൽപര്യങ്ങളും സുരക്ഷയും സംബന്ധിച്ച തങ്ങളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാകുന്നത് വരെ ചർച്ചകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് തെഹ്‌റാന്റെ നിലപാട്.
ലബനാനിലെ ഇസ്രായേൽ ഇടപെടലുകൾ മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷാ മുൻഗണനകൾക്ക് കൂടുതൽ പരിഗണന ലഭിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
അതേസമയം, വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ലബനാന്റെ തെക്കൻ മേഖലയിൽ ഇസ്രായേൽ കരയാക്രമണം അടക്കം അതി രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. തന്ത്രപ്രധാനമായ ബ്യൂഫോർട്ട് കാസിൽ പ്രദേശം കഴിഞ്ഞ ദിവസം ഇസ്രായേൽ പിടിച്ചെടുത്തിരുന്നു.
ഇതിനെ സൈനിക നീക്കത്തിലെ ‘നാടകീയ മാറ്റം’ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ലബനാനിൽ ഇതുവരെ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
ഞായറാഴ്ച തെക്കൻ ലെബനനിലുടനീളം ഇസ്രായേൽ സൈന്യം 36 ലധികം ആക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ടയറിലെ ഹിറാം ആശുപത്രിക്ക് സമീപം നടന്ന ഒരു ആക്രമണത്തിൽ 13 മെഡിക്കൽ, നഴ്‌സിങ് സ്റ്റാഫ് അംഗങ്ങൾക്കും പരിക്കേറ്റു.സമാധാനം പുനസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

