'യുദ്ധം തുടരണമോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ'; ഹിതപരിശോധന നടത്തണമെന്ന് മുൻ ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി, പിന്നാലെ വിവാദം
text_fieldsഹസൻ റുഹാനി
തെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങളും ബാഹ്യശക്തികളുമായുള്ള യുദ്ധസാഹചര്യവും അവസാനിപ്പിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടണമെന്നും ആവശ്യമെങ്കിൽ ജനഹിതപരിശോധന നടത്തണമെന്നും നിർദ്ദേശിച്ച് മുൻ ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി. രാജ്യതാൽപ്പര്യങ്ങൾ മുൻനിർത്തി മാന്യമായ രീതിയിൽ യുദ്ധം അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന റൂഹാനിയുടെ പ്രസ്താവന ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിനിടയിൽ വലിയ ഭിന്നതയ്ക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് റുഹാനി തന്റെ നിലപാട് വ്യക്തമാക്കിയത്. 'നമ്മുടെ ദേശീയ ലക്ഷ്യങ്ങളുടെ ചട്ടക്കൂട് എന്താണെന്ന് ആദ്യം നാം കൃത്യമായി നിർവ്വചിച്ച് ജനങ്ങൾക്ക് മുന്നിൽ വെക്കണം. ജനങ്ങൾ അത് അംഗീകരിക്കുകയാണെങ്കിൽ നമുക്ക് സന്തോഷത്തോടെ യുദ്ധം തുടരാം. എന്നാൽ അവർ ഇതിനോട് വിയോജിക്കുകയാണെങ്കിൽ എന്ത് ന്യായത്തിലാണ് നാം യുദ്ധവുമായി മുന്നോട്ട് പോകുന്നത്' എന്ന് റുഹാനി ചോദിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പൗരന്മാരുടെയും ഹിതമനുസരിച്ച് യുദ്ധത്തിന് മാന്യമായ അന്ത്യം കുറിച്ചാൽ മാത്രമേ നാശനഷ്ടങ്ങൾ പരിഹരിക്കാനും യുവാക്കൾക്കും നിക്ഷേപകർക്കും പ്രതീക്ഷ നൽകാനും സാധിക്കൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. നിലവിൽ മൈക്കും പിടിച്ച് ബഹളമുണ്ടാക്കുന്ന ചെറിയൊരു ന്യൂനപക്ഷം മുഴുവൻ ഇറാന്റെയും പൊതുവികാരമല്ല പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'റഫറണ്ടം' എന്ന വാക്ക് റുഹാനി നേരിട്ട് പ്രയോഗിച്ചില്ലെങ്കിലും, യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് രാജ്യത്ത് ഒരു ജനഹിത വോട്ടെടുപ്പ് വേണമെന്ന ആഹ്വാനമായാണ് ഇറാനിയൻ മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നത്. 2013 മുതൽ 2021 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന റൂഹാനി, പാശ്ചാത്യ രാജ്യങ്ങളുമായി 2015-ൽ ഉണ്ടാക്കിയ ചരിത്രപ്രസിദ്ധമായ ആണവ കരാറിന്റെ (ജെ.സി.പി.ഒ.എ.) പ്രധാന ശില്പികളിലൊരാളും മിതവാദ ചേരിയുടെ പ്രമുഖ ശബ്ദവുമാണ്.
എന്നാൽ റുഹാനിയുടെ പ്രസ്താവനയ്ക്കെതിരെ ഇറാന്റെ തീവ്ര യാഥാസ്ഥിതിക ഭരണവിഭാഗങ്ങളും മാധ്യമങ്ങളും അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. 'അദ്ദേഹം എന്താണ് പറയുന്നതെന്ന് വ്യക്തമായ ധാരണയോടെ തന്നെയാണ് സംസാരിക്കുന്നത്, ഇത് തികച്ചും അപകടകരമായ പരാമർശമാണ്, ഒരു കാരണവശാലും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല' എന്നായിരുന്നു തീവ്രനിലപാടുള്ള ഫാർസ് വാർത്താ ഏജൻസിയുടെ പ്രതികരണം. യുദ്ധം രാജ്യം ചോദിച്ചുവാങ്ങിയതല്ലെന്നും സ്വയംപ്രതിരോധത്തിന്റെ ഭാഗമായി പൊരുതുമ്പോൾ ജനഹിതപരിശോധന നടത്തണമെന്ന് പറയുന്നത് ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങുന്നതിന് തുല്യമാണെന്നും യാഥാസ്ഥിതിക പക്ഷം വാദിക്കുന്നു. ഇറാൻ ഭരണഘടനയനുസരിച്ച് നിർണായക വിഷയങ്ങളിൽ പാർലമെന്റ് പ്രമേയത്തിലൂടെയും പരമോന്നത നേതാവിന്റെ അംഗീകാരത്തോടെയും മാത്രമേ റഫറണ്ടം നടത്താൻ വ്യവസ്ഥയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

