ലോകകപ്പ് വിസക്കായി ഇറാന്റെ ഫുട്ബാൾ താരങ്ങൾ പാസ്‌പോർട്ടുകൾ യു.എസ് എംബസിക്ക് കൈമാറി
text_fieldsഅങ്കാറ: ലോകകപ്പ് വിസക്കായി ഇറാന്റെ ഫുട്ബാൾ താരങ്ങൾ പാസ്‌പോർട്ടുകൾ തുർക്കിയിലെ അമേരിക്കൻ എംബസിക്ക് കൈമാറി. ഫിഫയുടെ നിർദ്ദേശപ്രകാരമാണ് പാസ്‌പോർട്ടുകൾ കൈമാറിയതെന്ന് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ മേധാവി മെഹ്ദി താജ് വ്യക്തമാക്കി. ഫെബ്രുവരിയിൽ ഇറാനിൽ യു.എസും ഇസ്രായേലും നടത്തിയ ശക്തമായ വ്യോമാക്രമണത്തെ തുടർന്ന് മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് വിസക്കായുള്ള ഇറാന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
അങ്കാറയിലെ യു.എസ് എംബസിയിൽ എല്ലാ പാസ്‌പോർട്ടുകളും സമർപ്പിക്കാൻ ഫിഫ ആവശ്യപ്പെട്ടതായി മെഹ്ദി താജ് വെള്ളിയാഴ്ച അറിയിച്ചു. വിസ ലഭിച്ചാൽ ശനിയാഴ്ച തുർക്കിയിൽ നിന്ന് സ്പെയിൻ വഴി ടീം മെക്സിക്കോയിലേക്ക് തിരിക്കും. മെക്സിക്കോ ഇറാൻ ടീമിന് വിസ അനുവദിച്ചിട്ടുണ്ട്. എന്നാൽ താരങ്ങൾക്കോ സാങ്കേതിക പ്രവർത്തകർക്കോ വിസ നിഷേധിച്ചാൽ മറ്റ് തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് ഇറാൻ ഫെഡറേഷൻ ഫിഫയെ അറിയിച്ചിട്ടുണ്ട്. വിസ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മെഹ്ദി താജ് കൂട്ടിച്ചേർത്തു. സുരക്ഷ മുൻനിർത്തി ഇറാന്റെ ലോകകപ്പ് ബേസ് ക്യാമ്പ് അമേരിക്കയിലെ അരിസോണയിൽ നിന്നും മെക്സിക്കൻ അതിർത്തി നഗരമായ തിജുവാനയിലേക്ക് മാറ്റിയിട്ടുണ്ട്.
മെക്സിക്കോയിലാണ് ക്യാമ്പെങ്കിലും ഇറാന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും നടക്കുന്നത് യു.എസിലാണ്. യു.എസ് അധികൃതർക്ക് ഇറാൻ ടീം തങ്ങളുടെ രാജ്യത്ത് തങ്ങുന്നതിനോട് താല്പര്യമില്ലാത്തതിനാലാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാമിന്റെ അനുമതിയോടെ ക്യാമ്പ് അങ്ങോട്ടേക്ക് മാറ്റിയത്. ജൂൺ 15-ന് ന്യൂസിലാൻഡിനെതിരെ ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. ബെൽജിയം, ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇറാൻ ടീമിന് പ്രവേശനം നൽകുന്നതിൽ പ്രശ്നമില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചെങ്കിലും, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്ക് വിസ നൽകാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ ബന്ധം കാരണം ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജിന് കഴിഞ്ഞ ഏപ്രിലിൽ കാനഡയിൽ നടന്ന ഫിഫ കോൺഗ്രസിൽ പങ്കെടുക്കാൻ വിസ നിഷേധിച്ചിരുന്നു. പരിമിതമായ സാഹചര്യങ്ങൾക്കിടയിലും കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ മാലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇറാൻ ടീം ഇപ്പോൾ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

