യു.എസ് യുദ്ധം സ്വയം വരുത്തിവെച്ച വിന; കനത്ത സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ അവർക്ക് തന്നെ കനത്ത തിരിച്ചടിയാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി. ഇറാനെതിരെ അമേരിക്ക നടത്തുന്നത് ‘സ്വയം തിരഞ്ഞെടുത്ത യുദ്ധം’ ആണെന്നും ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ യു.എസ് ജനത അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ധനവില വർധവിനും ഓഹരി വിപണിയിലെ തകർച്ചക്കുമപ്പുറം, രാജ്യത്തിന്റെ കടബാധ്യതകളും പലിശ നിരക്കുകളും കുതിച്ചുയരുമ്പോഴായിരിക്കും അമേരിക്ക യഥാർത്ഥ പ്രതിസന്ധി നേരിടുകയെന്ന് അരാക്ചി ചൂണ്ടിക്കാട്ടി. യു.എസിൽ നിലവിൽ വാഹന വായ്പ തിരിച്ചടവ് മുടങ്ങുന്നവരുടെ നിരക്ക് കഴിഞ്ഞ 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന സാമ്പത്തിക യാഥാർഥ്യവും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാനായി ഇറാൻ ഉടൻതന്നെ പുതിയ യാത്രാ സംവിധാനം പ്രഖ്യാപിക്കുമെന്ന് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. ഇറാനുമായി സഹകരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് മാത്രമായിരിക്കും ഈ പാതയിലൂടെ കടന്നുപോകാൻ അനുമതി നൽകുക.
ഈ പ്രത്യേക സംവിധാനത്തിലൂടെ നൽകുന്ന സേവനങ്ങൾക്ക് കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും അദ്ദേഹം ശനിയാഴ്ച അറിയിച്ചു.തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.
ഫെബ്രുവരി 28ന് ഇറാനിൽ യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ കനത്ത യുദ്ധസാഹചര്യം ഉടലെടുത്തത്. തുടർന്ന് ഏപ്രിൽ എട്ടിന് പാകിസ്താന്റെ മധ്യസ്ഥതയിൽ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇസ്‍ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടത് സമാധാന ശ്രമങ്ങൾക്ക് മങ്ങലേൽപ്പിച്ചു.
അതിനിടെ, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ വെറും രണ്ടു ദിവസം കൊണ്ട് തകർക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
ചൈന സന്ദർശനത്തിന് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. തങ്ങൾ ഇറാനെ ശക്തമായിത്തന്നെയാണ് നേരിട്ടതെന്നും എന്നാൽ അവരുടെ വൈദ്യുതി സംവിധാനങ്ങളും പാലങ്ങളും തകർക്കാതെ നിലനിർത്തിയത് അമേരിക്കയുടെ മര്യാദ കൊണ്ടാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. എങ്കിലും യുദ്ധത്തേക്കാൾ സമാധാനപരമായ ചർച്ചകൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

