യുദ്ധം പശ്ചിമേഷ്യയും കടക്കുമോ?; ഇന്ത്യന്‍ മഹാസമുദ്രത്തിലെ യു.എസ്-യു.കെ സൈനികതാവളത്തിലേക്ക് മിസൈൽ തൊടുത്ത് ഇറാൻ
text_fieldsതെഹ്റാൻ: ഇറാനുനേരെ യു.എസും ഇസ്രായേലും സംയുക്തമായി ആരംഭിച്ച യുദ്ധം പശ്ചിമേഷ്യക്ക് പുറത്തേക്കും വ്യാപിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ യു.എസ്-യു.കെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാർസിയയിലേക്ക് ഇറാൻ ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. സംഘര്‍ഷം ആരംഭിച്ച ശേഷം പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് ഇറാന് ആക്രമിക്കുന്നത് ആദ്യമായാണ്. എപ്പോഴാണ് ആക്രമണം എന്ന് വ്യക്തമല്ല. ഇറാനില്‍ നിന്നും 4000 കിലോമീറ്റര്‍ അകെലയാണ് ഈ സൈനിക താവളം സ്ഥിതി ചെയ്യുന്നത്. രണ്ട് മിസൈലുകളാണ് ഡീഗോ ഗാര്‍സിയയിലെ യു.എസ്– യു.കെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. ഒരു മിസൈല്‍ പറക്കുന്നതിനിടെ തകര്‍ന്നു. മറ്റൊന്നിനു നേരെ SM-3 ഇന്റർസെപ്റ്റർ പ്രയോഗിച്ചു എന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാൽ പെന്റഗൺ ഇതുവരെ അതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇറാന് സമ്മതിച്ച മിസൈല്‍ പരിധിക്കും അപ്പുറമാണ് ഡീഗോ ഗാര്‍സിയ. തങ്ങളുടെ മിസൈലുകളുടെ പരിധി 2000 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28 നാണ് യു.എസും ഇസ്രായേലും സംയുക്തായി ഇറാനെതിരേ യുദ്ധം ആരംഭിച്ചത്. അതോടെ ഇസ്രായേലിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കും ആസ്തികൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇത് മേഖലയിലെ വിമാന സർവീസുകളെയും ഹുർമുസ് വഴിയുള്ള ഇന്ധന ഗതാഗതത്തെയും രൂക്ഷമായി ബാധിച്ചു.
അതേസമയം പശ്ചിമേഷ്യയിൽ സൈനിക ലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണെന്നും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുഎന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞിരുന്നു. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് "വളരെ അടുത്താണ്" എന്ന് ട്രംപ് പറഞ്ഞു. സൈനിക നടപടി അവസാനിപ്പിന്നത് പരഗണനയിലാണ്. അതേസമയം ഹുർമൂസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
"നമുക്ക് ചർച്ച നടത്താം, പക്ഷേ എനിക്ക് വെടിനിർത്തൽ നടത്താൻ താൽപ്പര്യമില്ല" ട്രംപ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.എസ് സൈനിക നടപടി പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലും തയ്യാറാകുമെന്നുമാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലിഖാംനഇയും കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ സുരക്ഷാമേധാവി അലി ലറിജാനിയും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡീഗോ ഗാർസിയ, യു.എസ് സേനയുടെ ഒരു പ്രധാന തന്ത്രപ്രധാന കേന്ദ്രമാണ്. ദീർഘദൂര ബോംബറുകൾ, ന്യൂക്ലിയർ അന്തർവാഹിനികൾ, ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകൾ എന്നിവ സൈനിക താവളത്തിലുണ്ട്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ ഈ താവളം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

