Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപശ്ചിമേഷ്യയിൽ സംഘർഷം...

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു, യുദ്ധക്കപ്പലുകൾ വിന്യസിച്ച് യു.എസ്; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

text_fields
bookmark_border
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു, യുദ്ധക്കപ്പലുകൾ വിന്യസിച്ച് യു.എസ്; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ
cancel

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെ, യുദ്ധം ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഇറാനുമായി ചർച്ച നടത്താൻ പദ്ധതിയുണ്ടെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ആണവ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, രാജ്യത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം വ്യാപകമായ അറസ്റ്റ് നടപടികൾ തുടരുകയാണ്.

ഇറാനെതിരെ മിന്നൽ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സൈനിക നടപടികൾ അമേരിക്ക പരിഗണിക്കുന്നുണ്ട്. എന്നാൽ, സൈനിക ശക്തി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രംപ് ഇറാനെ ഓർമിപ്പിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം യു.എസിന്‍റെ ഭാഗത്തുനിന്നുണ്ടായാൽ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും നിമിഷങ്ങൾക്കുള്ളിൽ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ കപ്പലുകൾക്ക് ഗുരുതരമ സുരക്ഷാ പിഴവുകളുണ്ടെന്നും തങ്ങളുടെ മിസൈൽ പരിധിയിലാണ് അവയെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമീനിയ പറഞ്ഞു.

അതിനിടെ ഇറാനിലെ റവല്യൂഷനറി ഗാർഡിനെ യൂറോപ്യൻ യൂണിയൻ 'ഭീകര സംഘടന'യായി പ്രഖ്യാപിച്ചു. സ്വന്തം ജനതയുടെ പ്രതിഷേധങ്ങളെ രക്തത്തിൽ മുക്കിക്കൊല്ലുന്ന ഒരു ഭരണകൂടത്തെ അങ്ങനെ മാത്രമേ വിളിക്കാനാകൂ എന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഇറാന്റെ ആഭ്യന്തര മന്ത്രി, പ്രോസിക്യൂട്ടർ ജനറൽ എന്നിവരുൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർക്ക് യാത്രാ വിലക്കും ആസ്തി കണ്ടുകെട്ടലും ഏർപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ അവസാനം ആരംഭിച്ച സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇറാൻ സുരക്ഷാ സേന ആയിരക്കണക്കിന് ആളുകളെ തടങ്കലിലാക്കിയതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർ കൊല്ലപ്പെട്ടാൽ സൈനിക നടപടി ഉണ്ടാകുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് എതിരെ സംയുക്ത സൈനിക നീക്കം വേണമെന്ന് ഇസ്രായേൽ അമേരിക്കയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ യുദ്ധത്തിൽ തകർന്ന മിസൈൽ സംവിധാനങ്ങൾ ഇറാൻ പുനർനിർമിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ഖത്തർ ചർച്ചകൾ നടത്തിവരികയാണ്. കൂടാതെ, തുർക്കിയും മധ്യസ്ഥതക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. റഷ്യ തങ്ങളുടെ ഉദ്യോഗസ്ഥരെ ഇറാന്റെ ബുഷെർ ആണവനിലയത്തിൽ നിന്ന് ഒഴിപ്പിക്കാൻ തയാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യു.എസ് - ഇറാൻ സംഘർഷം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധത്തിന്റെ നിഴൽ വീണിരിക്കുകയാണ്. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമോ അതോ സൈനിക നീക്കങ്ങളിലേക്ക് നീങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsAyatollah Ali KhameneiDonald TrumpIran US Tensions
News Summary - Iran ‘deploys’ 1,000 ‘strategic drones’ as it braces for possible US strikes
Next Story