ചെങ്കടലിൽ ഇറാനും യുദ്ധകപ്പലിറക്കി; സംഘർഷാവസ്ഥ മൂർച്ഛിക്കുന്നു
text_fieldsതെഹ്റാൻ: ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിന് പിന്നാലെ ചെങ്കടലിലെ യുദ്ധസമാന മുന്നൊരുക്കം മേഖലയിൽ സംഘർഷാവസ്ഥ കടുപ്പിക്കുന്നു. ചെങ്കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ചതായി ഇറാൻ ഇന്ന് സ്ഥിരീകരിച്ചു. ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അൽബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുൽ മൻദബ് കടലിടുക്കിലൂടെ ചെങ്കടലിൽ എത്തിയത്.
ഇറാൻ സുരക്ഷാ മേധാവി അലി അക്ബർ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് യുദ്ധക്കപ്പൽ വിന്യസിച്ച വാർത്ത പുറത്തുവന്നത്. കൂടിക്കാഴ്ച എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമാക്കിയിരുന്നില്ല. ഫലസ്തീനികളെ പിന്തുണക്കുന്നതിനും ഇസ്രായേലിനെതിരെ നിലകൊണ്ടതിനും ഹൂതികളെ ഇറാൻ പ്രശംസിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചതാണ് ലോകത്തെ സുപ്രധാന കപ്പൽപാതയെ സംഘർഷമേഖലയാക്കിയത്. ഇതോടെ ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതായി പ്രമുഖ കപ്പൽ കമ്പനികൾ പ്രഖ്യാപിച്ചു. യാത്രക്ക് സുരക്ഷ ഒരുക്കാൻ എന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യരാജ്യങ്ങൾ ചെങ്കടലിൽ പടയൊരുക്കം നടത്തിയിരുന്നു.
ശനിയാഴ്ച രാത്രി, ഹൂതി വിമതർ ചെങ്കടലിൽ കണ്ടെയ്നർ കപ്പലിനുനേരെ തൊടുത്ത രണ്ട് മിസൈലുകൾ വെടിവെച്ചിട്ടതായി യു.എസ് സേന അറിയിച്ചിരുന്നു. തുടർന്ന്, മണിക്കൂറുകൾക്കുശേഷം നാല് ബോട്ടുകളിലെത്തിയ സായുധ സംഘം ഇതേ കപ്പലിനുനേരെ ആക്രമണം തുടങ്ങിയെങ്കിലും യു.എസ് സേന ശക്തമായി തിരിച്ചടിച്ചു. ഇതിൽ, ബോട്ടിലുണ്ടായിരുന്ന നിരവധി പേർ കൊല്ലപ്പെട്ടതായും അമേരിക്ക അറിയിച്ചു.
തെക്കൻ ചെങ്കടലിൽവെച്ച് തങ്ങൾക്കുനേരെ മിസൈൽ ആക്രമണം നടക്കുന്നതായി സിംഗപ്പൂർ പതാകയുള്ള കപ്പൽ റിപ്പോർട്ട് ചെയ്യുകയും സഹായം അഭ്യർഥിക്കുകയുമായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന രണ്ട് യു.എസ് യുദ്ധക്കപ്പലുകൾ പ്രതികരിച്ചു. തീരത്തിനടുത്തുള്ള കപ്പലിന് പരിക്കുകളൊന്നുമില്ലെന്ന് യു.എസ് സൈനിക കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
നവംബർ 19 നുശേഷം അന്താരാഷ്ട്ര കപ്പൽപാതയിൽ ഹൂതികൾ നടത്തുന്ന 23ാമത്തെ ആക്രമണമാണിത്. ചെറു ബോട്ടുകളിലെത്തിയവരെ യു.എസിന്റെ ‘ഐസനോവർ വിമാനവാഹിനിക്കപ്പലി’ൽ നിന്നെത്തിയ കോപ്റ്ററുകളാണ് തുരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

